പ്രതിഷേധം തുടരും; രാജ്‌നാഥ് സിങ് നൽകിയ ഉറപ്പ് തള്ളിക്കളഞ്ഞ് കർഷകർ
|കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഉറപ്പ് തള്ളിക്കളഞ്ഞ് കർഷകർ. കേന്ദ്ര സർക്കാരിന്റെ പ്രതികരണത്തിൽ സംതൃപ്തരല്ലെന്നും പ്രതിഷേധം തുടരുമെന്നും ഭാരതീയ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകർ പറഞ്ഞു.
ഉത്തർ പ്രദേശിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ 30000 ൽ കൂടുതൽ കർഷകരാണ് നടന്നും ട്രാക്ടറുകളിൽ സഞ്ചരിച്ചും പങ്കെടുക്കുന്നത്. പ്രശസ്ത കർഷക നേതാവ് ചൗധരി ചരൺ സിങിന്റെ രാജ് ഘട്ടിനടുത്തുള്ള റായ് ഘട്ടിലെ സ്മാരകത്തിലായിരുന്നു സമരം അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, ഡൽഹി-യു.പി അതിർത്തിയിൽ വെച്ച് കർഷകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി കർഷകർക്കാണ് പോലീസ് നടപടിയിൽ പരിക്കേറ്റത്.
കാർഷിക കടം എഴുതിത്തള്ളുക, കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ഇന്ധനവും ലഭ്യമാക്കുക, അറുപത് വയസ്സിന് മുകളിലുള്ള കർഷകർക്ക് പെൻഷൻ നൽകുക, സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന കിസാൻ ക്രാന്തി പദയാത്രയുടെ ഭാഗമായാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്.
കർഷക നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദർശിച്ചെന്നും അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്തിയെന്നും കൃഷിമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് പറഞ്ഞു. എന്നാൽ, സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുക, കർഷക കടങ്ങൾ ഒറ്റത്തവണ മുഴുവനായും എഴുതിത്തള്ളുക എന്നെ ആവശ്യങ്ങളിൽ ഒത്തുതീർപ്പിൽ എത്തിയിട്ടില്ല എന്ന് സമരം സംഘടിപ്പിച്ച ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികൾ പറഞ്ഞു.