India
കടത്തില്‍ മുങ്ങിയ ഐ.എല്‍.എഫ്.എസിനെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു
India

കടത്തില്‍ മുങ്ങിയ ഐ.എല്‍.എഫ്.എസിനെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Web Desk
|
2 Oct 2018 4:45 AM GMT

ജനങ്ങളുടെ പണം ഉപയോഗിച്ച് മോദി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ ഏറ്റെടുക്കുന്നത് അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

കടത്തില്‍ മുങ്ങിയ സ്വകാര്യ കമ്പനി ഐ.എല്‍.എഫ്.എസിനെ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ അനുമതി നല്‍കിയതോടെയാണ് ഏറ്റെടുക്കല്‍ സാധ്യമായത്. ജനങ്ങളുടെ പണം ഉപയോഗിച്ച് മോദി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ ഏറ്റെടുക്കുന്നത് അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചു

91000 കോടി രൂപയുടെ നഷ്ടത്തിലാണ് സ്വകാര്യ കമ്പനിയായ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലീസിങ് ആന്റ് ഫിനാന്‍സ് സര്‍വീസ് ഗ്രൂപ്പ്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയ്ക്കും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിക്കും ഐ.എല്‍.എഫ്.എസില്‍ ഓഹരി പങ്കാളിത്തമുണ്ട്. എല്‍.ഐ.സി ക്ക് 25.34 ശതമാനവും എസ്.ബി.ഐയ്ക്ക് 6.42 ശതമാനവുമാണ് കമ്പനിയിലെ ഓഹരി.

കമ്പനി കടത്തില്‍ മുങ്ങിയെന്നതാണ് ഏറ്റെടുക്കാനുള്ള കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഏറ്റെടുക്കലിന് അനുമതി നല്‍കിയ ദേശീയ കന്പനി ലോ ട്രൈബ്യൂണല്‍ ഐ.എല്‍.എഫ്.എസിന്‍റെ നടത്തിപ്പിനായി ആറ് പേരെയും നിയമിച്ചിട്ടുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഉദയ് കോട്ടക് അടക്കം ആറ് മെന്പര്‍മാരാണ് ഭരണസമിതിയില്‍ ഉള്ളത്. ട്രൈബ്യൂണല്‍ ഈ മാസം അവസാനം കമ്പനിയുടെ വിഷയത്തില്‍ വിളിപ്പിച്ചിരിക്കുന്നതിനാല്‍ അടുത്ത ആഴ്ചയോട് കൂടി ഭരണസമിതി കൂടി ചെയര്‍മാനെ തെരഞ്ഞെടുക്കും.

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. സ്വകാര്യ കമ്പനിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി എല്‍.ഐ.സിയേയും എസ്.ബി.ഐയേയും ഉപയോഗിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. 2007 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതേ കമ്പനിയെ സഹായിക്കാന്‍ ഗിഫ്റ്റ് സിറ്റി എന്ന 70000 കോടിരൂപയുടെ പദ്ധതി ആവിഷ്കരിച്ചു. എന്നാല്‍ ഒരു ജോലിയും നടന്നില്ലെന്നും ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Similar Posts