നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി
|‘രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. എന്നാല്‍ ദ്വിഗ് വിജയ് സിംഗിനെപ്പോലുള്ള ബി.ജെ.പി ഏജന്റുമാര്‍ സഖ്യം ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി. സഖ്യ നീക്കങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ തുരങ്കം വെച്ചെന്നും, ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസും ബി.എസ്.പിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു.
വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ വിശാലമായ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് മധ്യപ്രദേശിലും, രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന പ്രഖ്യാപനം ബി.എസ്.പി നേതാവ് മായാവതി നടത്തിയത്.
ഇരു സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. എന്നാല്‍ ദ്വിഗ് വിജയ് സിംഗിനെപ്പോലുള്ള ബി.ജെ.പി ഏജന്റുമാര്‍ സഖ്യം ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. അവര്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മായാവതി പറഞ്ഞു.
ഒറ്റക്ക് അധികാരത്തിലെത്താമെന്നുള്ള തെറ്റിദ്ധാരണയിലാണ് കോണ്‍ഗ്രസ്. മുന്‍കാലങ്ങളില്‍ ചെയ്ത തെറ്റുകളും അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. അതില്‍ നിന്നും ഒരു പാഠവും അവര്‍ പഠിച്ചിട്ടില്ലെന്നും മായാവതി തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയിലും സോണിയ ഗാന്ധിയിലും മായാവതിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും മറ്റ് അഭിപ്രായ വിത്യാസങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
മായാവതിയുടെ ഇപ്പോഴത്തെ തീരുമാനം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വിശാല സഖ്യത്തിന് തിരിച്ചടിയല്ലെന്നും, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.