India
മുസാഫർപൂർ കൂട്ടമാനഭംഗ കേസ്: അഭയകേന്ദ്രത്തിലെ പെൺകുട്ടിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി  
India

മുസാഫർപൂർ കൂട്ടമാനഭംഗ കേസ്: അഭയകേന്ദ്രത്തിലെ പെൺകുട്ടിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി  

Web Desk
|
4 Oct 2018 3:45 PM GMT

ബിഹാറിലെ മുസാഫർപൂരിൽ അഭയകേന്ദ്രത്തിൽ നടന്ന കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അഭയകേന്ദ്രത്തിലെ അന്തേവാസിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. സിക്കന്ദർപുർ മേഖലയിലെ ശ്മശാനത്തിൽനിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. അഭയകേന്ദ്രത്തിലെ ലൈംഗിക അതിക്രമം ചെറുത്തതിനെ തുടർന്ന് കൊന്നു കുഴിച്ചുമൂടിയ പെണ്‍കുട്ടിയുടെ അസ്ഥികൂടമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധനകൾ ഉൾപ്പെടെയുള്ളവ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. ബിഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ നടന്ന കൊടുംക്രൂരത ഞെട്ടലോടെയാണ് പുറംലോകം ശ്രവിച്ചത്. അഭയകേന്ദ്രത്തിലെ അന്തേവാസിയായ പെൺകുട്ടി മുംബൈയിലെ ഒരു സന്നദ്ധസംഘടനയോട് മനസ്സ് തുറന്നതോടെയാണ് പീഡനവിവരം പുറത്തായത്.

മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് തങ്ങൾക്ക് നൽകിയിരുന്നതെന്നും ഭക്ഷണം കഴിച്ച് മയക്കം അനുഭവപ്പെടുന്ന തങ്ങളെ മിക്ക രാത്രികളിലും പൂർണ്ണ നഗ്നരായിട്ടാണ് കിടത്തിയിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളെ ഊഴം വെച്ച് ഓരോ മുറികളിലേക്ക് അയച്ചിരുന്നതായും വിസമ്മതിക്കുന്നവരെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും പെൺകുട്ടി സംഘടനാ പ്രവർത്തകരോട് തുറന്ന്പറഞ്ഞിരുന്നു.

തനിക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയെ അധികൃതർ അടിച്ചുകൊന്നശേഷം മൃതദേഹം സ്ഥാപനത്തിന്റെ വളപ്പിൽ കുഴിച്ചു മുടിയെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. ഇതോടെ സി.ബി.ഐ തെരച്ചിൽ ഊർജിതമാക്കിയിരുന്നു. 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്നാണു കണ്ടെത്തൽ. അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എൻ.ജി.ഒയുടെ ഉടമ ബ്രജേഷ് താക്കൂർ ഉൾപ്പെടെ പത്തുപേരെ കേസിൽ അറസ്റ്റ്ചെയ്തിരുന്നു.

Similar Posts