കേരളത്തിനു പുറമെ തമിഴ്നാട്ടിലും കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി
|തീരദേശ ജില്ലകളിലാണ് മഴ കാര്യമായി ബാധിയ്ക്കുക. ആന്ധ്രയുടെ തീരദേശ മേഖലയിലും മഴ ശക്തമാകും. നിലവില്‍ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിനു പുറമെ തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ അഞ്ചാം തിയതിക്കുള്ളില്‍ തിരിച്ചെത്തണമെന്നും അറിയിപ്പില്‍ പറയുന്നു. പോണ്ടിച്ചേരി, തഞ്ചാവൂര്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തിപ്രാപിച്ചിട്ടുണ്ട്.
അറബി കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് കാരണം. എന്നാല്‍, നിലവില്‍ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ല. നാല്‍പത്തി എട്ട് മണിക്കൂറിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു. മഴയ്ക്കൊപ്പം ശക്തിയായ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. തീരദേശ ജില്ലകളിലാണ് മഴ കാര്യമായി ബാധിയ്ക്കുക. ആന്ധ്രയുടെ തീരദേശ മേഖലയിലും മഴ ശക്തമാകും.
അതിനിടെ, ഏത് സാഹചര്യവും നേരിടാന്‍ തമിഴ്നാട് സജ്ജമാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓവുചാലുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.