മാട്രിമോണിയല്‍ സൈറ്റ് വഴി അന്വേഷിച്ചിട്ട് വരനെ കിട്ടിയില്ല; ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയ യുവതിക്ക് 70,000 രൂപ നഷ്ടപരിഹാരം
|2016-ലാണ് ഇവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 12 മാസത്തേക്ക് 58,650 രൂപയുടെ റോയല്‍ പ്ലാനും തെരഞ്ഞെടുത്തു.
വിവാഹ മാര്‍ക്കറ്റില്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ പ്രാധാന്യം പ്രത്യേകിച്ച് പറഞ്ഞുതരേണ്ട കാര്യമില്ല. പണ്ടത്തെ കല്യാണ ബ്രോക്കര്‍മാരുടെ സ്ഥാനം സൈറ്റുകള്‍ ഏറ്റെടുത്തിട്ട് കാലം കുറെ കഴിഞ്ഞു. മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താമെന്ന വാഗ്ദാനവുമായി വിവാഹ സൈറ്റുകള്‍ അങ്ങിനെ പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആരായാലും ഒന്നു നോക്കിപ്പോകും. ഫീസ് നല്‍കി അംഗത്വം എടുത്താല്‍ ആലോചനകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ വെബ്‌സൈറ്റില്‍ ഫീസ് നല്‍കിയിട്ടും അനുയോജ്യമായ ആലോചന ലഭിക്കാത്തവരും കാണില്ലേ, അവര്‍ എന്ത് ചെയ്യും? ചിലര്‍ മിണ്ടാതിരിക്കും. എന്നാല്‍ പൈസ കൊടുത്തിട്ട് ഫലം കിട്ടാതിരുന്നാല്‍ വെറുതെ ഇരിക്കാനൊന്നും ഈ യുവതിയെ കിട്ടില്ല. വിവാഹ സൈറ്റിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി നഷ്ടപരിഹാരം വാങ്ങിയെടുത്തു ഛത്തീസ്ഗഡില്‍ നിന്നുള്ള ഈ മിടുക്കി.
ഇരുപതുകാരിയായ യുവതിയാണ് അനുയോജ്യനായ വരനെ കിട്ടാതെ വന്നതോടെ കേസിന് പോയത്. ഒടുവില്‍ 70,000 രൂപ നഷ്ടപരിഹാരം വാങ്ങിയെടുക്കാനും ഇവര്‍ക്ക് സാധിച്ചു. വെഡ്ഡിംഗ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എതിരെയാണ് യുവതി പരാതി നല്‍കിയത്. 2016-ലാണ് ഇവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 12 മാസത്തേക്ക് 58,650 രൂപയുടെ റോയല്‍ പ്ലാനും തെരഞ്ഞെടുത്തു. അനുയോജ്യമായ 21 അനുയോജ്യകള്‍ അയയ്ക്കുമെന്നും ഇതില്‍ നിന്നും യുവതി തെരഞ്ഞെടുക്കുന്നവരെ കാണാനുള്ള സൗകര്യങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ യുവതിക്ക് ലഭിച്ചതെല്ലാം യാതൊരു ബന്ധവുമില്ലാത്ത കുറെ ആളുകളുടെ ആലോചനകളാണ്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും കമ്പനി സേവനം മെച്ചപ്പെടുത്തിയില്ല. ഇതോടെയാണ് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. രജിസ്‌ട്രേഷന്‍ ഫീസിന് പുറമെ 70,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവുകളും ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം.