ബി.ജെ.പി - ആര്‍.എസ്.എസ് നേതാക്കളുടെ വീട്ടിലെ പട്ടി പോലും സ്വാതന്ത്ര്യസമരത്തില്‍ കൊല്ലപ്പെട്ടിട്ടില്ല: ഖാര്‍ഗെ
|“രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം ജീവന്‍ സമര്‍പ്പിച്ചു. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിലെ പട്ടിയെങ്കിലും സ്വാതന്ത്ര്യത്തിനായി മരിച്ചിട്ടുണ്ടോ?”
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പങ്കാളിത്തമുണ്ടായിട്ടില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ വീട്ടിലെ പട്ടി പോലും സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ചു. രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാഗാന്ധി ജീവിതം ബലി നല്‍കി. രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. പറയൂ, ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മരിച്ചിട്ടുണ്ടോ? ഏത് ആര്‍.എസ്.എസ് - ബി.ജെ.പി നേതാവാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടെ ജയിലില്‍ കിടന്നിട്ടുള്ളത്?"
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലും ഖാര്‍ഗെ സമാനമായ പരാമര്‍ശം നടത്തിയിരുന്നു. "രാജ്യത്തിന്റെ ഐക്യത്തിനായി, ഗാന്ധിജിയും ഇന്ദിരാജിയുമെല്ലാം ജീവന് ബലി നല്‍കി. നിങ്ങളുടെ ഭാഗത്ത് അങ്ങനെ ആരാണുള്ളത്? ഒരു പട്ടിയെ എങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ" എന്നാണ് ഖാര്‍ഗെ ചോദിച്ചത്.
അന്ന് ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. "സ്വാതന്ത്ര്യ സമരത്തില്‍ ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ നേതാക്കളുടെ പങ്കിനെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടില്ല. കോണ്‍ഗ്രസ് കരുതുന്നത് ഒരു കുടുംബമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് എന്നാണെന്നും മോദി വിമര്‍ശിച്ചു.