India
വിദേശ നിർമ്മിത ജെറ്റിന്റെ ചിത്ര സഹിതം ഇന്ത്യൻ വ്യോമസേനക്ക് ആശംസ അറിയിച്ച് കേന്ദ്ര മന്ത്രി
India

വിദേശ നിർമ്മിത ജെറ്റിന്റെ ചിത്ര സഹിതം ഇന്ത്യൻ വ്യോമസേനക്ക് ആശംസ അറിയിച്ച് കേന്ദ്ര മന്ത്രി

Web Desk
|
8 Oct 2018 2:32 PM GMT

അബദ്ധം തിരിച്ചറിഞ്ഞതോടെ ഉപരാഷ്ട്രപതിയുടെയും, ബി.ജെ.പിയുടെയും പേജിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്തു

86-ാം എയർഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനക്ക് ആശംസ അറിയിക്കാൻ കേന്ദ്രമന്ത്രി എത്തിയത് വിദേശ നിർമ്മിത എയർക്രാഫ്റ്റുകളുടെ ചിത്രവുമായി. ബി.ജെ.പി നേതാവും കേന്ദ്ര റെയിൽവേ മന്ത്രിയുമായ പിയൂഷ് ഗോയലാണ് വിദേശ നിർമ്മിത എയർക്രാഫ്റ്റുകളുടെ ചിത്രവുമായി വ്യോമസേനക്ക് ആശംസയായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. പിയൂഷ് ഗോയലിന് പിറകെ സമാന ചിത്രങ്ങളുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഓഫീസും, ബീ.ജെ.പി ഒൗദ്യോകിക ട്വിറ്റർ പേജും, മറ്റു ഏതാനും ചില ബി.ജെ.പി നേതാക്കളും ആശംസകളുമായി എത്തി.

ഇന്ത്യൻ വ്യോമസേന ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്ത 'ലോക്ക്ഹീഡ് മാർട്ടിൻ എഫ്-16' എന്ന എയർക്രാഫ്റ്റിന്റെ ചിത്രങ്ങളാണ്
ഗോയലും ഉപരാഷ്ട്രപതിയും പോസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവും ജമ്മു-കശ്മീർ നിയമസഭാ സ്പീക്കറുമായ നിർമ്മൽ സിങ്, ഫോട്ടോ ആയി പോസ്റ്റ് ചെയ്തത് ‘എഫ്-15’ ജെറ്റ് വിമാനവും ആയിരുന്നു.

അബദ്ധം തിരിച്ചറിഞ്ഞതോടെ ഉപരാഷ്ട്രപതിയുടെയും, ബി.ജെ.പിയുടെയും പേജിൽ നിന്നും ചിത്രങ്ങൾ നീക്കം ചെയ്തു. എന്നാൽ പിയൂഷ് ഗോയലിന്റെയും നിർമ്മൽ സിങിന്റെയും ആശംസാ ചിത്രങ്ങൾ ഇപ്പോഴും പേജിൽ തന്നെ കിടക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ആദ്യമായല്ല ബി.ജെ.പി നേതാക്കൾ തെറ്റായ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്. നേരത്തെ, സർജിക്കൽ സ്ട്രെെക്കിന്റെ വാർഷിക സമയത്ത്(പരാക്രം ദിവസ്) വിദേശ നിർമ്മിത യുദ്ധ വിമാനങ്ങളുടെ ചിത്രങ്ങളാണ് പ്രതിരോധ മന്ത്രാലയം ഷെയർ ചെയ്തിരുന്നത്. തുടർന്ന് പോസ്റ്റ് പിൻവലിച്ച മന്ത്രാലയം ക്ഷമാപണവും നടത്തുകയുണ്ടായി.

സാമുഹ്യ മാധ്യമങ്ങളിൽ സജീവമായ പിയൂഷ് ഗോയൽ മുമ്പും ഓൺലെെൻ അബദ്ധങ്ങളുടെ പേരിൽ വിമർശനങ്ങളേറ്റു വാങ്ങിയതാണ്. മോദി ഗവൺമെന്റ് 50,000 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി ലെെെറ്റുകൾ എന്ന തലക്കെട്ടോടെ മുമ്പ് വിദേശ രാജ്യങ്ങളിലെ തെരുവ് വിളക്കുകളുടെ ചിത്രം ഷെയർ ചെയ്തിരുന്നു ഗോയൽ. നാസയുടെ പഴയ ഒരു ചിത്രം കാണിച്ച് മോദി സർക്കാർ ഇന്ത്യൻ ഗ്രാമങ്ങളിൽ കൊണ്ടു വന്ന വെെദ്യുതീകരണ പദ്ധതിയുടെ വിജയം എന്ന തരത്തിലുള്ള മറ്റൊരു പോസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Similar Posts