‘മീ റ്റൂ’വില്‍ കുരുങ്ങിയ ചേതന്‍ ഭഗത്ത് ക്ഷമാപണവുമായി രംഗത്ത്
|സ്ക്രീന്‍ഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോള്‍ സംഭവിച്ചതാണെന്നും ചേതന്‍ പറഞ്ഞു.
മീ ടു കാമ്പയിനില്‍ കുരുങ്ങിയ എഴുത്തുകാരന് ചേതന്‍ ഭഗത്ത് ക്ഷമാപണവുമായി രംഗത്ത്. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചേതന്‍ ഭഗത്തിനെതിരേ ആരോപണം ഉന്നയിച്ചത്. ചേതന്‍ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും യുവതി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ചേതന്‍ ഭഗത് തന്നോടു പ്രണയാഭ്യര്‍ഥന നടത്തുന്നതിന്റെയും അതിന് യുവതി നല്കിയ മറുപടിയുമാണ് സ്ക്രീന്‍ ഷോട്ടിലുള്ളത്. പ്രണയാഭ്യര്‍ഥന നടത്തിയ എഴുത്തുകാരനോട് താങ്കള്‍ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും യുവതി ഓര്മിപ്പിക്കുന്നുണ്ടെങ്കിലും ചേതന്‍ ഭഗത്ത് പിന്മാറുന്നില്ല. വിവാഹിതനാണെങ്കിലും ഏറെക്കാലത്തിനുശേഷമാണ് ഒരു സ്ത്രീ തന്നെ ആകര്‍ഷിക്കുന്നതെന്ന് ചേതന്‍ വാട്സ്ആപ്പ് ചാറ്റില്‍ പറയുന്നു. പ്രണയാഭ്യര്‍ഥനയുടെ ഈ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെ കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷയുമായി ചേതന്‍ രംഗത്തെത്തി. സ്ക്രീന്‍ഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോള്‍ സംഭവിച്ചതാണെന്നും ചേതന്‍ പറഞ്ഞു. തന്റെ ഭാര്യയോട് ഇക്കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഭാര്യ അനുഷയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് എഴുത്തുകാരന് ക്ഷമാപണം തുടങ്ങുന്നത്; അവസാനിപ്പിക്കുന്നതും. സ്ക്രീന്‍ഷോട്ടില്‍ നിങ്ങള്‍ കണ്ടതൊക്കെ സത്യമാണ്. അവ എന്റെ സംഭാഷണം തന്നെയാണ്– എഴുത്തുകാരന് തുറന്നുപറയുന്നു. സംഭവത്തെക്കുറിച്ച് ആദ്യം സംസാരിച്ചതു ഭാര്യ അനുഷയോടാണെന്നും അദ്ദേഹം പറയുന്നു.
ആദ്യം തന്നെ ഞാന്‍ സംഭാഷണം നടത്തിയ വ്യക്തിയോടു ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളില്‍ ഞാന്‍ വേദനിക്കുന്നു. എന്റെ ക്ഷമാപണം അംഗീകരിക്കില്ലേ?
കുറച്ചധികം വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഭവം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട്. നല്ലൊരു സൗഹൃദമായിട്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. പെട്ടെന്നുതന്നെ സുന്ദരിയായ യുവതിയുമായി തീവ്രമായ ബന്ധവും അടുപ്പവും തോന്നി. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷ, എല്ലാവരുടെയും ജീവിതത്തില്‍ ചില പ്രത്യക കാലം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകാം. ഇതും അത്തരത്തിലൊരു ബന്ധമായിരുന്നു. വിവാഹിതനാണ് എന്നതുപോലും മറന്നുകൊണ്ടുള്ള ബന്ധം. അനുഷയോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. എനിക്കു തെറ്റുപറ്റിപ്പോയി. സൗഹൃദത്തെ തെറ്റായി ഞാന്‍ വ്യാഖ്യാനിക്കുകയായിരുന്നു. അവര്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരിക്കല്‍പ്പോലും ശാരീരികമായ ബന്ധം ഉണ്ടായിട്ടില്ല. മോശം ചിത്രങ്ങള്‍ കൈമാറിയിട്ടില്ല. തെറ്റായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ആ സംഭവം അവസാനിച്ചയുടന്‍ ഞാന്‍ ആ നമ്പര്‍ ഡിലീറ്റ് ചെയ്തു. വര്‍ഷങ്ങളായി ആ വ്യക്തിയുമായി എനിക്ക് ഒരു ബന്ധവുമില്ല.
തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും തെറ്റുപറ്റി. ആവരെ എനിക്ക് ഇഷ്ടമായിരുന്നു. ഞാന്‍ കണ്ടുമുട്ടിയ അനേകം പേരില്‍നിന്നു വ്യത്യസ്തയായിരുന്നു അവര്‍. പക്ഷേ, എന്റെ ഭാഗത്തുനിന്നു തെറ്റു സംഭവിക്കരുതായിരുന്നു.
ഒരിക്കല്‍ക്കൂടി ഞാന്‍ മാപ്പു പറയുന്നു.
അനുഷ, നീ എനിക്കു മാപ്പു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അനുഷയോടാണ് ഞാന്‍ ആദ്യംതന്നെ എല്ലാം തുറന്നുപറഞ്ഞത്. അനുഷ എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ...