ഇറാന് മേല്‍ അമേരിക്കയുടെ ഉപരോധം; ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്ന് ഇന്ത്യ
|ഇറാന് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനിടെയാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇറാന് മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനിടെയാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നമ്മുടെ രണ്ട് എണ്ണ കമ്പനികള്‍ നവംബറില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ധര്മേന്ദ്രപ്രധാന് പറഞ്ഞത്. അതേസമയം എണ്ണ ഇറക്കുമതിയെ അമേരിക്കന്‍ ഉപരോധം ബാധിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. നവംബര്‍ നാല് മുതലാണ് അമേരിക്കന്‍ ഉപരോധം പ്രാബല്യത്തില്‍ വരിക. ഡല്‍ഹിയില്‍ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അമേരിക്ക ഇറാന് എണ്ണയ്ക്ക് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യ പരസ്യ പ്രസ്താവന നടത്തിയത്. രാജ്യതാല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇറാന് എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് കമ്പനികളില്‍ ഒന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണെന്ന് ഐ.ഒ.സി ചെയര്മാന് സഞ്ജീവ് സിങ് പറഞ്ഞു. മാംഗലൂര് റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡാണ് രണ്ടാമത്തെ കമ്പനി.
അമേരിക്കന്‍ ഉപരോധം ഇറാനുമായുള്ള പണമിടപാടിനെയാണ് ബാധിക്കുക. അതേസമയം രൂപയില്‍ ഇടപാട് നടത്താന്‍ കഴിയും. ഈ സാധ്യതാണ് ഇന്ത്യ പരിഗണിക്കുന്നത്.