ഭരണവിരുദ്ധവികാരം ശക്തം: രാജസ്ഥാനില്‍ ബി.ജെ.പിക്ക് അഗ്നിപരീക്ഷ
|ഭരണവിരുദ്ധ വികാരവും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും താഴെ തട്ടില്‍ പോലും പ്രചരണത്തെ ബാധിച്ച സ്ഥിതിയാണ്.
രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അഗ്നിപരീക്ഷയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരവും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും താഴെ തട്ടില്‍ പോലും പ്രചരണത്തെ ബാധിച്ച സ്ഥിതിയാണ്. എന്നാല്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും പ്രതിസന്ധി കോണ്‍ഗ്രസിലാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് മുകേഷ് പരീക് മീഡിയാവണ്ണിനോട് പറഞ്ഞു. മീഡിയാവണ്‍ എക്സക്ലൂസിവ്.
ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ക്കൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് ഇത്തവണ ബി.ജെ.പി നേരിടുന്നത്. സാധാരണക്കാരന്റെ പ്രതികരണങ്ങളില്‍ ഇത് വ്യക്തം.
സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നഗരത്തിലുള്ളവരും അത് തന്നെയാണ് പറയുന്നതെന്നും ഒരാള്‍ പറയുന്നു. കൃഷിക്ക് വേണ്ട ഒന്നും കിട്ടുന്നില്ല, ചെലവും വൈദ്യുതി ബില്ലും എല്ലാം കൂടുതലാണെന്നും ബി.ജെ.പി എം.എല്‍.എയാണ് ഞങ്ങളുടേത്, വളരെ മോശമാണ് ഭരണം, കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരുമെന്നും ജനങ്ങള്‍ പറയുന്നു.
തീര്‍ന്നില്ല, ബി.ജെ.പി പ്രചരണയോഗങ്ങളിലെ കാഴ്ചകളും പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നതാണ്, നാല് ദിവസം മുന്‍പ് അമിത്ഷാ പങ്കെടുത്ത പൂര്‍വ സൈനിക സമ്മേളനത്തിന്, 50000 പേര്‍ക്കൊരുക്കിയ പന്തലില്‍ 10000 പേര്പോലുമെത്തിയിരുന്നില്ല, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബി.ജെ.പി തികഞ്ഞ ആത്മവിശ്വസത്തില്‍ തന്നെയാണ്.
അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി വക്താവ് മുകേഷ് പരീക് മീഡിയാവണ്ണിനോട് പറഞ്ഞു. ബി.ജെ.പിക്കുള്ളില്‍ ഒരു തര്‍ക്കവും പ്രശ്നവും ഇല്ല. നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തന്നെയാണ് ഞങ്ങളുടെ അടുത്ത മുഖ്യന്ത്രി സ്ഥാനാര്‍ത്ഥി.