ആന്ധ്രയില്‍ കനത്ത നാശം വിതച്ച് തിത്‍ലി കൊടുങ്കാറ്റ്; 8 മരണം
|തീരപ്രദേശത്താണ് കാറ്റ് കൂടുതല്‍ നാശം വിതക്കുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി മൂന്ന് ലക്ഷത്തോളം പേരെയാണ് ഒഡീഷയില്‍ നിന്ന് മാത്രം ഒഴിപ്പിച്ചിരുന്നു.
ആന്ധ്ര പ്രദേശില്‍ തിത്‍ലി ചുഴലിക്കാറ്റില്‍ എട്ട് പേര്‍ മരിച്ചു. ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് മരിച്ചവരില്‍ പലരും. തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷയില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ആന്ധ്രയിലേയും ഒഡീഷയിലേയും പല സ്ഥലങ്ങളിലും തകരാറിലായ വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല.
തിത്‍ലി ചുഴലിക്കാറ്റ് വീശിയടിച്ച ശ്രീകാകുളത്ത് അഞ്ച് പേരും വീജയനഗരത്ത് മൂന്ന് പേരുമാണ് മരിച്ചത്. ഇതില്‍ പലരും മത്സ്യത്തൊഴിലാളികളാണ്. രണ്ട് ജില്ലകളിലടക്കം രണ്ടായിരത്തിലധികം വൈദ്യുതപോസ്റ്റാണ് തകര്‍ന്നിരിക്കുന്നത്.
ഒഡീഷയിലെ ഗഞ്ചം, ഗജപതി, പുരി അടക്കം എട്ട് ജില്ലകളിലാണ് ചുഴലിക്കാറ്റ് അതീവ നാശനഷ്ടം വരുത്തിയത്. കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി മൂന്ന് ലക്ഷത്തോളം പേരെയാണ് ഒഡീഷയില്‍ നിന്ന് ഒഴിപ്പിച്ചത്. കാറ്റിന്‍റെ വേഗത വൈകാതെ കുറയുമെന്നും കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നതായും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
13 ദേശീയ ദുരന്ത നിവാരണസംഘത്തെയാണ് ഒഡീഷയില്‍ നിയോഗിച്ചിരിക്കുന്നത്. കാറ്റില്‍ കടലിലായിരുന്ന അഞ്ച് മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍ പെട്ടെങ്കിലും മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു.