India
ഗോരക്ഷാഗുണ്ടകള്‍ അടിച്ചുകൊന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയെന്ന് ബി.ജെ.പി എം.എല്‍.എ 
India

ഗോരക്ഷാഗുണ്ടകള്‍ അടിച്ചുകൊന്നവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയെന്ന് ബി.ജെ.പി എം.എല്‍.എ 

Web Desk
|
11 Oct 2018 4:18 PM GMT

ഗോരക്ഷയുടെ പേരില്‍ അല്‍വാര്‍ മേഖലയില്‍ തുടരുന്ന ഹത്യകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചാണ് അല്‍വാര്‍ സിറ്റി ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനം

തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനിലെ അല്‍വാറില്‍‌ വര്‍ഗീയ ധ്രുവീകരണ നീക്കം ശക്തമാക്കുകയാണ് ബി.ജെ.പി. ഗോരക്ഷയുടെ പേരില്‍ അല്‍വാര്‍ മേഖലയില്‍ തുടരുന്ന ഹത്യകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചാണ് അല്‍വാര്‍ സിറ്റി ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനം. ഗോരക്ഷാ ഗുണ്ടകള്‍ അടിച്ച് കൊന്ന റഖ്ബര്‍‌ഖാനും ഉമര്‍‌ഖാനും ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനലുകളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നും സിംഗാള്‍ മീഡിയവണിനോട് പറ‍ഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

അല്‍വാര്‍ രാജസ്ഥാനില്‍ ഏറെ രാഷ്ട്രീയ-സാമൂഹ്യ പ്രാധാന്യമുള്ള മേഖലയാണ്. ഹരിയാനയോടും ഉത്തര്‍പ്രദേശിനോടും അതിര്‍ത്തി പങ്കുവെക്കുന്ന ഇടം. വനവും മൊട്ടക്കുന്നുകളും കൃഷിയിടമുള്‍ക്കൊള്ളുന്ന സമതലവും എല്ലാം അടങ്ങിയ ഭൂപ്രകൃതി. പശു വളര്‍ത്തല്‍‌ പ്രധാന തൊഴിലുകളിലൊന്നാണ് ഇവിടെ. ക്ഷീര കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരാകട്ടെ അധികവും മുസ്‍ലിംകളും. ഗോരക്ഷയുടെ പേരില്‍ അടുത്ത കാലത്ത് ഈ മേഖലയില്‍ നടന്ന എല്ലാ കൊലപാതകങ്ങളെയും സ്ഥലം ബി.ജെ.പി എം.എല്‍.എ തന്നെ പരസ്യമായി ന്യായീകരിക്കുകയാണ്. അല്‍വാര്‍ സിറ്റി ബി.ജെ.പി എം.എല്‍.എ ബന്‍വാരിലാല്‍ സിംഗാള്‍ ആണ് ഇതേ കുറിച്ച് മീഡിയാവണിനോട് സംസാരിച്ചത്.

" ഇവിടെ നടക്കുന്നത് ആള്‍ക്കൂട്ട കൊലകളല്ല, മോവ് എന്ന മുസ്‍ലിം വിഭാഗം പശുക്കടത്തുകാരാണ്. അവര്‍ ഹിന്ദുവിശ്വാസത്തെ മതിക്കുന്നില്ല. പെഹ്ലുഖാനെ പോലയല്ല മറ്റു രണ്ടു പേര്‍, ക്രിമിനലുകളാണ്." ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പൊലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകര്‍ വ്യാജല്ലെന്നും സിംഗാള്‍ ന്യായീകരിച്ചു. യു.പിയില്‍ യോഗി നടത്തുന്നത് എന്‍കൌണ്ടര്‍ ആണെന്ന് വിശ്വസിക്കുന്നില്ല, അത് അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ നടത്തുന്ന ശ്രമമാണെന്നാണ് ന്യായീകരണം.

11 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ല കൂടിയാണിത്. ഇതില്‍ 9 മണ്ഡലങ്ങളും നിലവില്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇത്തവണ പക്ഷേ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മാസങ്ങള്‍ക്ക് മുന്‍പ് അല്‍വാര്‍ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്നിട്ടും ആ മണ്ഡലം മികച്ച ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാനായത് കോണ്‍‌ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ‌

Similar Posts