മീ ടൂ: എം. ജെ അക്ബര്‍ രാജി വെച്ചേക്കും; നാനാ പടേക്കറിനെതിരെ കേസ്
|അക്ബറിനോട് വിദേശപര്യടനം വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മീടു കാമ്പയിന്റെ ഭാഗമായുള്ള ആദ്യത്തെ കേസ് നാനാ പടേക്കറിനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തു
ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയാന്‍ പ്രോത്സാഹിപ്പിക്കുന്ന മീ ടൂ കാമ്പ യിനില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് മേല്‍ കുരുക്ക് മുറുകുന്നു. വിദേശത്തുള്ള അക്ബറിനോട് പര്യടനം വെട്ടിച്ചുരുക്കി ഇന്ന് തിരിച്ചെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെട്ടേക്കും. അതിനിടെ മീടൂ കാന്പയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ നടിയുടെ പരാതിയില്‍ നടന് നാനാ പടേക്കറിനെതിരെ കേസെടുത്തു.
നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം തുടരുന്നതിനിടെയാണ് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന് അടിയന്തരമായി മടങ്ങിയെത്താനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി ഇതിനകം 9 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇത് സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും പ്രതിച്ഛായക്ക് മങ്ങലേല്പിച്ചെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലും ഭരണതലത്തിലും ശക്തമായതോടെയാണ് അക്ബറിനെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ അക്ബര്‍ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെടാനാണ് തീരുമാനം.
അതിനിടെ മീ ടു കാമ്പയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലില്‍ ആദ്യത്തെ കേസ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തു. ബോളിവുഡ് നടിയുടെ പരാതിയില്‍ നടന് നാനാ പടേക്കറിനെതിരയാണ് കേസ്. പടേക്കര്‍ 2008 ല്‍ സിനിമ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന് രാകേഷ് സാരംഗ്, നിര്‍മ്മാതാവ് സമീ സിദ്ദിഖി എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അസഭ്യമായ പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.