ഒഡീഷയെ വിറപ്പിച്ച് തിത്ലി ചുഴലിക്കാറ്റ്: 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
|ചുഴലികാറ്റിന്റെ തീവ്രത ഉച്ചയോടെ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം കാറ്റില്‍ മരം കടപുഴകി വീണ് ആന്ധ്രയിലെ ശ്രീകാകുളത്ത് രണ്ട് പേര് മരിച്ചു
ഒഡീഷയെ വിറപ്പിച്ച് തിത്ലി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയിലാണ് ഒഡീഷയില്‍ കാറ്റ് വീശുന്നത്. കാറ്റിന് പിന്നാലെ സംസ്ഥാനത്ത് കനത്ത മഴയും പെയ്യുന്നുണ്ട്. ചുഴലികാറ്റിന്റെ തീവ്രത ഉച്ചയോടെ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം കാറ്റില്‍ മരം കടപുഴകി വീണ് ആന്ധ്രയിലെ ശ്രീകാകുളത്ത് രണ്ട് പേര് മരിച്ചു
ഒഡീഷയയിലെ, ഗഞ്ചം, ഗജപതി, പുരി അടക്കം എട്ട് ജില്ലകളിലാണ് ചുഴലിക്കാറ്റ് അതീവ നാശനഷ്ടം വരുത്തിയത്. കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി മൂന്ന് ലക്ഷത്തോളം പേരെയാണ് ഒഡീഷയില്‍ നിന്ന് ഒഴിപ്പിച്ചത്. ഒക്ടോബര്‍ 12 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവധി നല്കി.
ഉച്ചയോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നതായും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു. കാറ്റ് വീശിയ ആന്ധ്രയിലെ ശ്രീകാകുളത്ത് മരം കടപുഴകി വീണ് രണ്ട് പേര് മരിക്കുകയും ഒരാള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ധര്മപ്രധാന് വ്യക്തമാക്കി.
13 ദേശീയ ദുരന്ത നിവാരണസംഘത്തെയാണ് ഒഡീഷയില്‍ നിയോഗിച്ചിരിക്കുന്നത്. കാറ്റില്‍ കടലില്‍ ആയിരുന്ന അഞ്ച് മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍ പെട്ടെങ്കിലും മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി.