മീ ടു കാമ്പയിന്; ലൈംഗികാതിക്രമ പരാതികള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതി
|സ്വതന്ത്രമായ അന്വേഷണമായിരിക്കും ജുഡീഷ്യല്‍ സമിതിയുടേത്. തുടര്‍നടപടികള്‍ അടക്കമുളളവയില്‍ സമിതി ശിപാര്‍ശ നല്‍കും.
മീ ടൂ കാമ്പയിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികള്‍ ജുഡീഷ്യല്‍ സമിതി പരിശോധിക്കും. നാല് വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ അടക്കമുള്ളവെര്ക്കെതിരെ ആരോപണം നിലനില്‍ക്കെയാണ് നടപടി.
നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം തുടരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ഞാറാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും. ശേഷം അക്ബറിനോട് വിശദീകരണം തേടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. ഇതിനിടയിലാണ് സര്‍ക്കാര്‍ തന്നെ മീടൂ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണമായിരിക്കും സമിതിയുടേത്. തുടര്‍നടപടികള്‍ അടക്കമുളളവയില്‍ സമിതി ശിപാര്‍ശ നല്‍കുമെന്നും മനേകാ ഗാന്ധി പറഞ്ഞു.
അതിനിടെ അക്ബറിനെതിരെ ആരോപണവുമായി ഒരു കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തക കൂടി രംഗത്തെത്തി. ‘ഏഷ്യന്‍ ഏജ് ’ പത്രത്തിലെ പരിശീലന കാലയളവില്‍ അക്ബര്‍ ഉപദ്രവിച്ചെന്നാണ് ആരോപണം. വെളിപ്പെടുത്തല്‍ നടത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.