പുതുമുഖങ്ങളെ ഇറക്കി കോണ്‍ഗ്രസ്; മിസോറാമിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയായി
|എട്ട് സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കിയ കോണ്‍ഗ്രസ്, 12 പുതുമുഖങ്ങളെയാണ് മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്.
മിസ്സോറാമിലെ 36 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാല്‍പ്പതംഗ നിയമസഭയിലെ മുപ്പത്തിയാറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
50 ല്‍ താഴെ പ്രായമുള്ള സ്ഥാനാര്‍ത്ഥികളാണ് ഭൂരിപക്ഷം സീറ്റുകളിലും. എട്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നഷ്ടമായപ്പോള്‍ 12 പുതുമുഖങ്ങളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. ഭരണവിരുദ്ധവികാരവും സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങളും മറികടക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരേ ഒരു വനിത സ്ഥാനാര്‍ത്ഥി മാത്രമേ ഇടം പിടിച്ചിട്ടുള്ളു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‍ല രണ്ട് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
2008 മുതല്‍ മിസോറാം ഭരിക്കുന്ന കോണ്‍ഗ്രസിന് വലിയ പ്രയത്നം ഉണ്ടെങ്കില്‍ മാത്രമേ ജനപിന്തുണ നേടാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍. ബി.ജെ.പി കളത്തില്‍ ഇല്ലാത്ത മിസോറാമില്‍ ‘നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ’യാണ് പാര്‍ട്ടിയുടെ ആശ്രയം. എന്നാല്‍ ‘മിസോ നാഷണല്‍ ഫ്രണ്ട് ‘(എം.എന്‍.എഫ്) ആണ് മിസോറാമില്‍ കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി. എം.എന്‍.എഫുമായി ബി.ജെ.പിക്കുള്ള അടുത്ത ബന്ധവും കോണ്‍ഗ്രസിന് തലവേദനയാണ്. നവംബര്‍ 28 നാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടക്കുക.