തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക്
|തെലങ്കാനയില്‍ നാടകീയ രംഗങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡിയുടെ ബി.ജെ.പി പ്രവേശനം.
തെലങ്കാനയില്‍ നാടകീയ രംഗങ്ങളുമായി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ ബി.ജെ.പി പ്രവേശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹിക പ്രവര്‍കത്തകയുമായ പത്മിനി റെഡ്ഡിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ പത്മിനി തിരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുന്നതായി അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് പത്മിനി റെഡ്ഡി ബി.ജെ.പി അംഗത്തമെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായിരുന്ന പത്മിനി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം തെലങ്കാന ബി.ജെ.പി പ്രസിഡന്റ് കെ ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് ബി.ജെ.പി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പത്മിനി റെഡ്ഡി ബി.ജെ.പി അംഗത്വമെടുത്തതായി പ്രഖ്യാപനവുമുണ്ടായി.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുന്നതായി അറിയിച്ച് പത്മിനി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രയാസം മുഖവിലക്കെടുത്താണ് മടക്കമെന്നായിരുന്നു വിശദീകരണം.
ആന്ധ്ര വിഭജനത്തിന് മുമ്പ് എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായിരുന്നു സി ദാമോദര്‍ രാജനരസിംഹ. നിലവില്‍ തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി മാനിഫെസ്റ്റോ രൂപീകരണ കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് പത്മിനി റെഡ്ഡിയുടെ ബി.ജെ.പി അംഗത്വം പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു.