ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വര്‍കിംങ് പ്രസിഡന്റ് ബി.ജെ.പിയില്‍
|കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലി തനാക്കര്‍ മണ്ഡലത്തില്‍നിന്ന് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉയിക് തെരഞ്ഞെടുക്കപ്പെട്ടത്
ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് വര്‍ക്കിംങ് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാലി തനാക്കറിലെ എം.എല്‍.എയായ രാംദയാല്‍ ഉയികാണ് ബി.ജെ.പിയിലേക്ക് തിരിച്ചുപോയത്. 18 വര്‍ഷം മുമ്പാണ് ഉയിക് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.
ബിലാസ് പൂര്‍ മേഖലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഉയിക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലി തനാക്കര്‍ മണ്ഡലത്തില്‍നിന്ന് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉയിക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഉയികിനെ കോണ്‍ഗ്രക് വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
2000ല്‍ ബി.ജെ.പി വിട്ട ഉയികിനെ അജിത് ജോഗി മുന്‍കയ്യെടുത്താണ് കോണ്‍ഗ്രസിലെടുത്തത്. അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് ജനതാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുമായാണ് ഇക്കുറി മത്സരിക്കുന്നത്. ഇതും കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. ബി.എസ്.പി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനേറ്റ അവസാനത്തെ തിരിച്ചടിയാണ് ഉയികിന്റെ കാലുമാറ്റം. രണ്ടുദിവസത്തെ സംസ്ഥാന പര്യടനത്തിന് എത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കൊപ്പം ഉയിക് വേദിപങ്കിടുകയും ചെയ്തു.
കോണ്‍ഗ്രസില്‍ ആദിവാസി നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണവും ഉയിക് ബി.ജെപിയിലെത്തിയതിന് പിന്നാലെ ഉന്നയിച്ചിട്ടുണ്ട്. 'കോണ്‍ഗ്രസിന്റെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ല. ആദിവാസി പിന്നോക്ക വിഭാഗക്കാരെ തള്ളിക്കളയുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. ബി.ജെ.പി മുഖ്യമന്ത്രി രമണ്‍ സിംങിന്റെ ആദിവാസി പിന്നോക്ക അനുഭാവ സമീപനമാണ് പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതിന് പ്രേരിപ്പിച്ചത്' എന്നും ഉയിക് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ ഉയിക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12നും 20നുമാണ് തെരഞ്ഞെടുപ്പ്.