ഉപവാസത്തിലിരിക്കെ മരണപ്പെട്ടത് അഗര്‍വാള്‍ മാത്രമല്ല; 3 പേര് കൂടി..
|ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി.ഡി അഗര്‍വാള്‍.
ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി.ഡി അഗര്‍വാള്‍. ഒടുവില്‍ ഉപവാസത്തിലിരിക്കെ തന്നെ അദ്ദേഹം മരണപ്പെട്ടു. അതേസമയം ഇത്തരത്തില്‍ ഇന്ത്യയില്‍ മരണപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല അഗര്‍വാള്‍. അദ്ദേഹത്തിന് മുമ്പ് 3 പേര് ഇതുപോലെ ഉപവാസത്തിലിരിക്കെ മരണപ്പെട്ടിട്ടുണ്ട്. സ്വാമി നിഗമാനന്ദ്, ശങ്കരലിംഗനാർ, പോട്ടി ശ്രീരാമുലു എന്നിവരാണ് അവര്‍.
സ്വാമി നിഗമാനന്ദ്
കരിങ്കൽ ക്വാറി മാഫിയ വൻതോതിൽ പാറപൊട്ടിക്കുന്നതുവഴി ഹരിദ്വാറിൽ ഗംഗാനദി അപകടാവസ്ഥയിലായ പ്രശ്നം മുൻനിർത്തിയാണ് സ്വാമി നിഗമാനന്ദ് 2011ഫെബ്രുവരി 19ന് നിരാഹാരം ആരംഭിച്ചത്. 114ാം ദിവസം 2011 ജൂൺ 13ന് അദ്ദേഹം മരണപ്പെട്ടു. ഉത്തരഖണ്ഡിൽ ബി.ജെ.പി സർക്കാറായിരുന്നു അധികാരത്തിൽ. പൊലീസ് ഹരിദ്വാർ ജില്ല ആശുപത്രിയിലേക്കും തുടർന്ന് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ ട്രസ്റ്റ് ആശുപത്രിയിലേക്കും നിഗമാനന്ദിനെ മാറ്റിയിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. ഹരിദ്വാർ ജില്ല ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന് വഴി സ്വാമിയുടെ രക്തത്തിൽ കീടനാശിനി അംശം കലർന്നുവെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശങ്കരലിംഗനാർ
സ്വാതന്ത്യ സമരസേനാനിയും ഗാന്ധിയനുമായ തമിഴ്നാട്ടിലെ ശങ്കരലിംഗനാർ മദിരാശി സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റാൻ ആവശ്യപ്പെട്ടാണ് 1956 ജൂലൈ 27ന് നിരാഹാരം തുടങ്ങിയത്. 76ാം ദിവസം ഒക്ടോബർ 13ന് ഉപവാസത്തിലിരിക്കെ തന്നെ മരണപ്പെട്ടു.
പോട്ടി ശ്രീരാമുലു
മദ്രാസ് പ്രവിശ്യയിലെ തെലുങ്ക് സംസാരിക്കുന്നവർക്ക് ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗാന്ധി ശിഷ്യൻ കൂടിയായിരുന്ന പോട്ടി ശ്രീരാമുലു 1952 ഒക്ടോബർ 19ന് നിരാഹാരം ആരംഭിച്ചത്. 58 ദിവസത്തിനുശേഷം 1952 ഡിസംബർ 15ന് ശ്രീ രാമുലു അന്തരിച്ചപ്പോൾ ആന്ധ്ര കലാപകലുഷിതമായി. നിരവധിയാളുകൾ മരണപ്പെട്ടു. ഇൗ സംഭവത്തെ തുടർന്നാണ് ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചത്.