പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു
|91 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.51 ഓടെയായിരുന്നു അന്ത്യം.
പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യയും പ്രശസ്ത സംഗീതജ്ഞയുമായ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു. 91 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.51 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അന്നപൂര്‍ണ്ണ ദേവിയെ അലട്ടിയിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെ പ്രശസ്തയായ സുർബഹാർ വാദകയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയുമാണ് അന്നപൂർണ്ണാദേവി. 1927 ഏപ്രിൽ 23 ന് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ മകളായി മെയ്ഹാറിൽ ജനിച്ചു. സേനിയ മെയ്ഹാർഖരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. റോഷനാരാഖാൻ എന്നായിരുന്നു ആദ്യ പേര്. ഉസ്താദ് തന്നെയായിരുന്ന ആദ്യ ഗുരുവും. ഉസ്താദിന്റെ മൂന്നു പെൺകുട്ടികളിൽ ഏറ്റവും ഇളയവളായിരുന്നു അന്നപൂർണ. പതിനാലാം വയസ്സിൽ മതം മാറി ഹിന്ദുവായി, ഉസ്താദിന്റെ ശിഷ്യനായിരുന്ന രവിശങ്കറിനെ വിവാഹം കഴിച്ചു. പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യയായിരുന്നു അന്നപൂര്‍ണ്ണ. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
1977 ൽ പത്മഭൂഷൺ പുരസ്ക്കാരവും 1991 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. 1999ൽ വിശ്വഭാരതി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.