മധ്യപ്രദേശില്‍ കൂട്ടിയും കിഴിച്ചും നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്
|ബി.എസ്.പി ഒപ്പമില്ലെങ്കിലും വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു
പ്രചരണം ചൂട് പിടിച്ച മധ്യപ്രദേശില്‍ കൂട്ടിയും കിഴിച്ചും നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ബി.എസ്.പി ഒപ്പമില്ലെങ്കിലും വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 2008ലും 13നും ഉണ്ടായിരുന്നതിനേക്കാള്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനായതും അധ്യക്ഷ പദവിയിലേക്ക് കമല്‍നാഥ് എത്തിയതും ഗുണപ്രദമായതായി കോണ്‍ഗ്രസ് വിലയിരുത്തുന്നു.
മെയ് 1 ന് മധ്യപ്രദേശ് അധ്യക്ഷ പദവിയിലെത്തിയ കമല്‍നാഥിന്റെ അനുഭവപരിചയവും നീക്കങ്ങളും സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിട്ടുണ്ട്. പ്രചരണ വിഭാഗം മേധാവിയായി ജ്യോതിരാധിത്യ സിന്ധ്യയും കൂടി എത്തിയതോടെ പാര്‍ട്ടിയെ ഒറ്റ കെട്ടായി നിര്‍ത്താനായെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. കൂടുതല്‍ ബൂത്ത് യൂണിറ്റുകള്‍ രൂപീകരിച്ച് ഇത് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും നടത്തിയ റാലികളും സാമൂഹ്യമാധ്യമ പ്രചരണവും പ്രവര്‍ത്തകരില്‍ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ കോടതി വിധി മറികടക്കാന്‍ കേന്ദര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെതിരെ സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ പ്രക്ഷോഭം ഇപ്പോഴും തുടരുന്നുണ്ട്. ഇതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ബി.എസ്.പി ഒപ്പമില്ലാത്തത് ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ജയസാധ്യത നിലനിന്ന 2008ല്‍ പോലും സീറ്റ് വിഭജനത്തിലെ പരാജയം കോണ്‍ഗ്രസിനെ തകര്‍ത്തിരുന്നു. സങ്കീര്‍ണതകളേറെയുള്ളതിനാല്‍ സമാന അവസ്ഥ ഇത്തവയും ആവര്‍ത്തിക്കാനിടയുണ്ട്. സീറ്റ് വിഭജനം ഫലപ്രദമായില്ലെങ്കില്‍ വിമത ശല്യം ഇത്തവണയും ഉണ്ടായേക്കും. ബി.എസ്.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതെ നോക്കണം. ഇത്തരത്തില്‍ നിരവധി കടമ്പകളും ഇനിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്.