ആധാറുണ്ടോ? മദ്യം വീട്ടിലെത്തും
|നിലവിലെ ഇ കൊമേഴ്‌സ് സംവിധാനങ്ങള്‍ക്ക് സമാനമായിട്ടായിരിക്കും മദ്യവും വീട്ടിലെത്തുകയെന്ന് മഹാരാഷ്ട്ര എക്‌സൈസ് സഹമന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുല പറഞ്ഞു.
മദ്യം വീട്ടിലെത്തിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായ നടപടിയെന്ന നിലയിലാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുതിയ നീക്കം. നിലവിലെ ഇ കൊമേഴ്‌സ് സംവിധാനങ്ങള്‍ക്ക് സമാനമായിട്ടായിരിക്കും മദ്യവും വീട്ടിലെത്തുകയെന്ന് മഹാരാഷ്ട്ര എക്‌സൈസ് സഹമന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുല പറഞ്ഞു.
മദ്യം വാങ്ങുന്നവരുടെ ആധാര്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. ആധാര്‍ വഴി മദ്യം വാങ്ങുന്നയാളുടെ പ്രായവും വ്യക്തി വിവരങ്ങളും ലഭിക്കും. ജിയോ ടാഗോടെയുള്ള മദ്യകുപ്പികളാണ് നല്‍കുക. ഇതുവഴി മദ്യം വില്‍ക്കുന്നവര്‍ക്കൊപ്പം വാങ്ങുന്നയാളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ട്രാക്ക് ചെയ്യാനാകും. അതുവഴി വ്യാജമദ്യവില്‍പനയും കള്ളക്കടത്തും തടയാനാകുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ ഉണ്ടായ റോഡപകടങ്ങളില്‍ 1.5 ശതമാനം മദ്യപിച്ച് വാഹനമോടിച്ചാണ് സംഭവിച്ചത്. മൊത്തം വാഹനാപകടങ്ങളില്‍ എണ്ണത്തില്‍ കുറവെങ്കിലും ഇത്തരം അപകടത്തില്‍ പെടുന്നവരുടെ മരണനിരക്ക് വളരെ ഉയര്‍ന്നതാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ 42 ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടമാകുന്നു. ഇതിനൊരു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നീക്കമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.