India
രാജിയെ കുറിച്ച് മൗനം; ആരോപണങ്ങള്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബര്‍ 
India

രാജിയെ കുറിച്ച് മൗനം; ആരോപണങ്ങള്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബര്‍ 

Web Desk
|
14 Oct 2018 3:32 PM GMT

ലൈംഗികാതിക്രമ അനുഭവങ്ങള്‍ തുറന്ന് പറയുന്ന മീടൂ കാമ്പയിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഇതിനകം 10 വനിതാ മാധ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി കഴിഞ്ഞു.

മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചേക്കില്ല. 10 വനിതാ മാധ്യമ പ്രവര്‍ത്തകരുടെയും ആരോപണങ്ങള്‍ അക്ബര്‍ തള്ളി. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

ലൈംഗികാതിക്രമ അനുഭവങ്ങള്‍ തുറന്ന് പറയുന്ന മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങിയ ശേഷം ഇതാദ്യമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബര്‍ പ്രതികരിക്കുന്നത്. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം പ്രസ്താവന ഇറക്കുകയായിരുന്നു. "ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ്. കുത്തുവാക്കുകളുടെ സാഗരം തന്നെ തീര്‍ക്കപ്പെട്ടിരിക്കുന്നു. തെളിവില്ലാത്ത ആരോപണം ഉന്നയിക്കുക എന്നത് ചിലര്‍ക്കിടയിലെ പകര്‍ച്ചവ്യാധിയാണ്. നുണകള്‍ക്ക് നിലനില്‍പ്പില്ലെങ്കിലും അവ വിഷം വമിക്കുന്നവയാണ്", മന്ത്രി പറഞ്ഞു.

മീ ടൂവില്‍ തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക താന്‍ ഒന്നും ചെയ്തില്ലെന്ന് പിന്നീട് പറഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് അക്ബര്‍ പ്രസ്താവനയില്‍ ഒന്നും പറഞ്ഞില്ല. മന്ത്രിക്ക് പറയാനുള്ളത് കേട്ട ശേഷമേ നടപടി തീരുമാനിക്കൂ എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി അക്ബര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും.

Similar Posts