ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിനേക്കാള്‍ സൗകര്യം പാകിസ്താനില്‍ പോവുന്നതാണെന്ന് സിദ്ദു
|“തമിഴ്നാട്ടില്‍ പോയാല്‍ എനിക്ക് ഭാഷ അറിയില്ല. ഭക്ഷണം ഇഷ്ടമല്ല. സംസ്കാരവും വേറെയാണ്” നവജ്യോത് സിങ് സിദ്ദു
ദക്ഷിണേന്ത്യയില്‍ പോകുന്നതിനേക്കാള്‍ സൗകര്യം പാകിസ്താന് സന്ദര്‍ശിക്കുന്നതാണെന്ന് പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. രണ്ട് മാസം മുന്‍പ് പാക് സന്ദര്‍ശനത്തിനിടെ പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത് വിവാദത്തില്‍പ്പെട്ട സിദ്ദുവിന്റെ പുതിയ പരാമര്‍ശവും വിവാദമാവുകയാണ്.
"തമിഴ്നാട്ടില്‍ പോയാല്‍ എനിക്ക് ഭാഷ അറിയില്ല. ഭക്ഷണം ഇഷ്ടമല്ല. സംസ്കാരവും വേറെയാണ്. എന്നാല്‍ പാകിസ്താനില്‍ പോയാല്‍ ബുദ്ധിമുട്ടില്ല. ഭാഷയും മാറ്റമില്ല", കസോളില്‍ സാഹിത്യോത്സവത്തില്‍ സിദ്ദു പറഞ്ഞു. പഞ്ചാബും പാകിസ്താനും തമ്മിലുള്ള സാംസ്കാരിക ചേര്‍ച്ചയെ കുറിച്ചാണ് സിദ്ദു പ്രധാനമായും സംസാരിച്ചത്.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പോയപ്പോഴാണ് സിദ്ദു പട്ടാള മേധാവിയെ ആശ്ലേഷിച്ചത്. ഇതോടെ സിദ്ദുവിനെതിരെ ബി.ജെ.പി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പാക് മന്ത്രിസഭയില്‍ ചേരൂ എന്നാണ് സിദ്ദുവിന്റെ പുതിയ പരാമര്‍ശത്തിനെതിരായ ബി.ജെ.പിയുടെ പ്രതികരണം.