‘ഡിജിറ്റല്‍ ഇന്ത്യ’യില്‍ പട്ടിണി രൂക്ഷം; ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യ 103 ാം സ്ഥാനത്ത്
|119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യ വികസനത്തിന്‍റെ പാതയിലാണെന്നും ഡിജിറ്റല്‍ ഇന്ത്യയായി കഴിഞ്ഞുവെന്നുമൊക്കെയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ വാദങ്ങള്‍. എന്നാല്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഓരോ വര്‍ഷം കഴിയുമ്പോഴും പിറകോട്ട് പോകുകയാണ്. രാജ്യത്ത് പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ആഗോള ദാരിദ്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണ്. രാജ്യത്തെ ബാല്യങ്ങള്‍ കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം 100 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്താന്‍ ഒഴികെയുള്ള ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണകാലത്താണ് രാജ്യം പട്ടിണിയുടെ പടുകുഴിയിലേക്ക് പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2014 ല്‍ ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 55 ാമതായിരുന്നു. 2015 ല്‍ ഈ സൂചികയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. ഇന്ത്യയുടെ സ്ഥാനം 80 ാമതെത്തി. 2016 ല്‍ 97 ലേക്ക് താഴ്‍ന്നു. 2017 ല്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമത് എത്തി. ഇപ്പോഴിതാ മൂന്നു സ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെട്ട് 103 ല്‍ എത്തിയിരിക്കുന്നു.
സൂചികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയുടെ സ്ഥാനം 25 ാമതാണ്. ബംഗ്ലാദേശ് (86), നേപ്പാള്‍ (72), ശ്രീലങ്ക (67), മ്യാന്‍മര്‍ (68) എന്നിങ്ങനെയാണ് മറ്റു അയല്‍ രാജ്യങ്ങളുടെ അവസ്ഥ. പാകിസ്താന്‍ ഇന്ത്യയുടെ പിന്നിലാണ്. 106 ാം സ്ഥാനത്ത്. ഇന്ത്യയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000ല്‍ ആകെ കുട്ടികളില്‍ 17.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 21 ശതമാനമായാണ് വര്‍ധിച്ചത്.