വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍; മാനനഷ്ടക്കേസ് നല്‍കുമെന്ന് എം.ജെ അക്ബര്‍
|ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.ജെ അക്ബര്‍ സൂചന നല്‍കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
മീ ടൂ ക്യാമ്പയിനില്‍ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കും. എന്നാല്‍ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.ജെ അക്ബര്‍ സൂചന നല്‍കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
ലൈംഗികാത്രികമ അനുഭവങ്ങള്‍ തുറന്ന് പറയുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായി 11 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തനിക്കെതിരെ ഉന്നയിച്ചെതെല്ലാം പച്ചക്കള്ളമാണെന്നാണ് എം.ജെ അക്ബറിന്റെ വാദം. അതിനാല്‍ ആരോപണങ്ങളെ നിയമപരമായി നേരിടും എന്നാണ് അക്ബര്‍ ഇന്നലെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നത്. ഇതോടെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അക്ബറിനായി ഇവിടെ ഒരു വ്യത്യസ്ത ലോകമുണ്ടെന്ന് ദി വയര്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ടായ അനൂഭൂയാന്‍ കുറ്റപ്പെടുത്തി.
ഇത്രയധികം ആരോപണം നേരിട്ടിട്ടും മോദീ സര്‍ക്കാര്‍ കാലത്ത് അക്ബറിന് മന്ത്രിയായി തുടരാനാകുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ദി പ്രിന്റ് വെബ്സൈറ്റ് സ്ഥാപകന്‍ കൂടിയായ ശേഖര്‍ ഗുപ്ത പറഞ്ഞു. ബി.ജെ.പിയിലെ താരമായ എം.ജെ അക്ബറിന്റെ അഹങ്കാരമാണ് പ്രകടമാകുന്നതെന്ന് സുപ്രിം കോടതി അഭിഭാഷക കരുണാ നന്ദിയും ചൂണ്ടിക്കാട്ടി. പത്തിലധികം സ്ത്രീകള്‍ ഒരു പോലെ കള്ളം പറയുന്നു, അതും തെരഞ്ഞെടുപ്പ് മുന്‍ കണ്ട് എന്ന് വാദിക്കുന്ന അക്ബര്‍ ഇന്ത്യയെ തന്നെ അപമാനിച്ചു എന്നായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷിന്റെ പ്രതികരണം. ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവരെ എം.ജെ അക്ബര്‍ ഇന്ന് കണ്ടേക്കും എന്നാണ് സൂചന.