India
അവർ വേട്ടയാടി, അപ്രത്യക്ഷനാക്കി; നജീബിന്റെ ആരും പറയാത്ത കഥ
India

അവർ വേട്ടയാടി, അപ്രത്യക്ഷനാക്കി; നജീബിന്റെ ആരും പറയാത്ത കഥ

Web Desk
|
16 Oct 2018 10:30 AM GMT

നജീബ് ജീവിച്ചിരിപ്പുണ്ട്, അവന്‍റെ കുടുംബം അത് വിശ്വസിക്കുന്നുണ്ട്. പോലീസ് വിശ്വസിക്കുന്നില്ലെങ്കിലും... 730 ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴുമറിയില്ല നജീബ് എവിടെയാണെന്ന്...

2016 ഒക്ടോബര്‍ 15 ന് ഇന്ത്യയിലെ ഒരു ഉന്നതകലാലയത്തിന്‍റെ ഹോസ്റ്റലില്‍ നിന്ന് നജീബ് അഹ്മദിനെ കാണാതാവുന്നു. അപ്രത്യക്ഷമാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന എ.ബി.വി.പിയുടെ ഗുണ്ടകള്‍ നജീബിനെ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. നജീബിന്‍റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് പകലുപോലെ വ്യക്തമാണെങ്കിലും സി.ബി.ഐ ഇനി നജീബിനെ അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞുവെച്ചു.

നജീബ് ജീവിച്ചിരിപ്പുണ്ട്, അവന്‍റെ കുടുംബം അത് വിശ്വസിക്കുന്നുണ്ട്. പോലീസ് വിശ്വസിക്കുന്നില്ലെങ്കിലും... 730 ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴുമറിയില്ല നജീബ് എവിടെയാണെന്ന്...

ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലുടനീളം മൂന്ന് അന്വേഷണസംഘത്തിന്‍റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആ 27 കാരനെ കണ്ടെത്താനായില്ല എന്നതാണ് ഇന്ത്യന്‍ പോലീസിന്‍റെ അന്വേഷണ മിടുക്ക്.

ഡോക്ടറാവാന്‍ ആഗ്രഹിച്ച നജീബ്

നാണംകുണുങ്ങിയായ നജീബിനെയാണ് എല്ലാവര്‍ക്കും അറിയാവുന്നത്. മൂന്ന് സഹോദരങ്ങളും, ഒരു സഹോദരിയും, ഉമ്മയും, ഉപ്പയും അടങ്ങിയതാണ് നജീബിന്‍റെ കുടുംബം. നാലു മക്കളില്‍ മൂത്തവനാണ് നജീബ്. ഉത്തര്‍പ്രദേശിലെ ബദൌന്‍ എന്ന ചെറു നഗരത്തിലെ ഇരു മുറികളുള്ള വീട്ടിലായിരുന്നു നജീബും കുടുംബവും താമസിച്ചിരുന്നത്.

ഡോക്ടറാവാന്‍ കൊതിച്ച നജീബിന് പക്ഷെ ജെ. എന്‍. യുവില്‍ എം.എസ്.സിക്ക് സീറ്റ് കിട്ടുകയായിരുന്നു. ആക്സിഡന്‍റിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാതായ നജീബിന്‍റെ ഉപ്പക്കും കുടുംബത്തിനും മകന് ഉന്നത സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചത് അത്യധികം സന്തോഷം നല്‍കുന്നതായിരുന്നു.

ജെ.എന്‍.യുവിലേക്ക് പോകുന്നതിനു മുമ്പ് നജീബ് ഉമ്മയായ ഫാത്വിമ നഫീസിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ‘അമ്മീ, എല്ലാം ശരിയാകും. പെട്ടെന്നുതന്നെ എനിക്കൊരു ജോലികിട്ടും’

നജീബ് കിടന്നുറങ്ങിയിരുന്ന വിരിപ്പില്‍ ഇരുന്നുകൊണ്ട് ആ ഉമ്മ തന്‍റെ മകനെകുറിച്ച് പറയാന്‍ തുടങ്ങി. ദിവസവും എട്ട് മണിക്കൂറിലധികം മെഡിക്കല്‍ എന്‍ട്രന്‍സിനായി അത്യദ്ധ്വാനം ചെയ്യാറുള്ള നജീബ്, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും സ്വീകാര്യനായ നജീബ്, നജീബിന്റെ തിരോധാനത്തിലൂടെ വിഷാദത്തിനകപ്പെട്ട റൂം മേറ്റ് ഖാസിം... അങ്ങനെ പറഞ്ഞു വെച്ച ഒരുപാട് അനുഭവങ്ങള്‍ ആരിലും സങ്കടമുണ്ടാക്കും.

യൂണിവേഴ്സിറ്റിയിലെത്തി വെറും 15 ദിവസം മാത്രമേ നജീബിന് അവിടെ നില്‍ക്കാനായുള്ളു. ശേഷം അവൻ പ്രത്യക്ഷപ്പെടുന്നത് ഇന്ത്യയിലെ എല്ലാ മുഖ്യധാര പത്രങ്ങളുടെയും തലക്കെട്ടിലൂടെയാണ്.

നജീബിനെ കാണാതാവുന്നതിനു തലേന്ന് സംഭവിച്ചത്

ഒക്ടോബര്‍ 14 ന് അര്‍ധരാത്രിയോട് അടുക്കുകയായിരുന്നു. ഖാസിമും നജീബും മാത്രമുള്ള മുറിയിലേക്ക് വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന എ.ബി.വി.പിയുടെ ഗുണ്ടകള്‍ കതക് തട്ടുകയും വരാനിരിക്കുന്ന ഹോസ്റ്റല്‍ ഇലക്ഷനില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഖാസിം കാണുന്നത് നജീബിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതാണ്. തടുക്കാന്‍ ചെന്ന ഖാസിമിനും കിട്ടി പൊതിരെ തല്ല്. ഇവര്‍ തമ്മില്‍ സംസാരിച്ചതെന്താണെന്നോ പ്രകോപനത്തിനു കാരണമെന്താണെന്നോ ഖാസിമിനറിയില്ല. പിറ്റേന്ന് രാവിലെ നജീബിനെ കാണാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. മുറിയില്‍ നിന്നിറങ്ങുന്നതിനു മുമ്പ് ഉമ്മയെ വിളിച്ച് സംസാരിച്ചതായും പറയുന്നു.

കൂട്ടുകാര്‍ ഹോസ്റ്റല്‍ അധികാരികള്‍ക്ക് പരാതി കൊടുത്തുവെങ്കിലും ശരിയായ പ്രാഥമികാന്വേഷണം പോലും നടത്തിയില്ല എന്നു മാത്രമല്ല, കേസിനോട് വളരെ നിരുത്തരവാദപരമായാണ് ഹോസ്റ്റൽ അധികാരികൾ സമീപിച്ചത്. കൂടാതെ, മര്‍ദനമേറ്റ നജീബിനില്ലാത്ത പരാതി എന്തിന് മറ്റുള്ളവർക്ക് എന്നാണ് ഹോസ്റ്റല്‍ മേധാവി ചോദിച്ചത്.

അന്വേഷണം ആരംഭിക്കുന്നു

നജീബിന്റെ തിരോധാനത്തെ തുടർന്ന് ജെ.എൻ.യു വിദ്യാർഥി യുണിയൻ സമർപ്പിച്ച പരാതി പ്രകാരം, നജീബിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒൻപത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ പൊലിസ് കേസ് എടുത്തു. എന്നാൽ ഇതോടൊപ്പം തന്നെ, നജീബിനെതിരായി അദ്ദേഹം താമസിക്കുന്ന ഹോസ്റ്റലിലെ ഇരുപത്തി മൂന്ന് വിദ്യാർഥികൾ ചേർന്ന് ഒപ്പിട്ട് നൽകിയ ഒരു പരാതിയും ഇതോടൊപ്പം പൊലീസിൽ എത്തുകയുണ്ടായി. രണ്ടു വർഷമായി ഈ കേസ് എങ്ങും എത്താത്തതിന് ഇതൊരു പ്രധാന കാരണമാവുകയായരുന്നു.

ജെ.എന്‍.യുവിന്റെ ആയിരത്തിലധികം ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസിനുള്ളില്‍ വെച്ചാണ് പൊലീസിന്റെ ആദ്യ ഘട്ട അന്വേഷണം ആരംഭിക്കുന്നത്. ക്യാമ്പസിനെ 11 മേഖലകളാക്കി തിരിച്ച്, അതില്‍ ഓരോ മേഖലയും അസിസ്റ്റന്റ് കമ്മീഷണറുടെയും, മൂന്ന് ഇന്‍സ്പെക്ടര്‍മാരുടെയും മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷിക്കാന്‍ തുടങ്ങി. മൊത്തം 560 പൊലീസ് ഉദ്യോഗസ്ഥരും, പ്രത്യേക അന്വഷണ സംഘങ്ങളും, ഡോഗ് സ്ക്വാഡും, ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമ്പസിനകത്തു നിന്നും നജീബിനെ കണ്ടെത്താനാവാത്തതിനാല്‍ അന്വേഷണം പുറത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.

ഡല്‍ഹിയിലെ വിവിധ ഹോസ്പിറ്റലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ മുതല്‍ ശവപ്പറമ്പുകളില്‍ വരെ അന്വേഷണമെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണം, തുടര്‍ന്ന് ഡല്‍ഹിക്ക് പുറത്തേക്കും വ്യപിപ്പിച്ചു. പക്ഷേ, എവിടെയും നജീബിനെ കണ്ടെത്താന്‍ മാത്രമായില്ല. ഒക്ടോബര്‍ 15 മുതല്‍ കാണാതായ ആളുകള്‍ എത്തിപ്പെടാന്‍ ഇടയുള്ള വിവിധ സ്ഥലങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, അനാഥ മൃതദേഹങ്ങള്‍, ആശുപത്രികള്‍, അജ്മീര്‍ ദര്‍ഗ, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍, സെപ്റ്റിക് ടാങ്കുകളില്‍ വരെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല എന്നതാണ് വിരോധാഭാസം.

അവസാനമായി ജാമിഅ നഗറില്‍

25 ദിവസം നീണ്ട ഡല്‍ഹി പോലീസിന്‍റെ അന്വേഷണത്തില്‍ അതൃപ്തി കണ്ട നജീബിന്‍റെ ഉമ്മ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന് നിവേദനം നല്‍കി.

അവസാനം പ്രതീക്ഷയുടെ ചെറു തിരിയെന്നോണം ജാമിഅയിലെ കാമ്പസിനകത്ത് ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്ന നജീബിന്‍റെ സി.സി.ടി.വി ദൃഷ്യങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത വരുന്നത്. ക്രൈംബ്രാഞ്ച് ഓട്ടോ ഡ്രൈവറെ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഡല്‍ഹിയുടെ തെക്ക്കിഴക്ക് ഭാഗത്ത് ഇറക്കിവിട്ടെന്നാണ്. അവിടുന്ന് അടുത്താണ് നജീബിന്‍റെ അമ്മാവന്‍ താമസിക്കുന്നയിടം. എന്നാല്‍ അവന്‍ അവിടെ വന്നിട്ടില്ലെന്നാണ് അമ്മാവന്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ: ‘നിര്‍ഭാഗ്യവശാല്‍ ആ പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല’.

ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പ്രസ്തുത പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മറ്റൊരു സൂചന എന്തായിരുന്നുവെന്നാല്‍, നജീബിന്‍റെ താമസസ്ഥലമായ ബദൌനില്‍ നജീബിന്‍റെ ഫേസ്ബുക്ക്, ഇ-മെയില്‍ അക്കൌണ്ട് തുറക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ അങ്ങോട്ട് പുറപ്പെട്ടുവെങ്കിലും നജീബിന്‍റെ ഉമ്മയുടെ അമ്മാവനാണ് ആ യൂസര്‍ എന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി കേസ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ ക്ക് കൈമാറുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി ആരോപിക്കുന്നു

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നജീബിന്‍റെ ആസൂത്രിത തിരോധാനവുമായി ബന്ധപ്പെട്ട് ഒരുപാട് സൂചനകളും അഭ്യൂഹങ്ങളും വാദങ്ങളും എതിര്‍ വാദങ്ങളും ഉണ്ടായി. ഇന്ത്യക്കകത്തും പുറത്തും നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും നിരാശ തന്നെയാണ് അപ്പോഴും ഫലം.

ഐ.എസില്‍ ചേരാന്‍ പോയതാണെന്ന ഒരു മാധ്യമത്തിന്‍റെ ആരോപണം അന്വേഷണ സംഘം തള്ളി. നജീബിന്‍റെ ലാപ്ടോപ് പരിശോധിച്ചപ്പോള്‍ തീവ്രപുരോഗമനപരമായ പ്രഭാഷണങ്ങളൊന്നും കണ്ടെത്താനുമായില്ല.

ഹോസ്റ്റലില്‍ നിന്ന് സ്വമേധയാ ഇറങ്ങിപോയെന്ന്

ഒക്ടോബര്‍ 14 ന് രാത്രി ഹോസ്റ്റലിലേക്ക് കയറിവന്ന എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് നജീബ് മുറി വിട്ടതെന്ന് ഉമ്മ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനെ ശരിവെക്കുന്നുമുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം ഡോക്ടര്‍മാര്‍ പറയുന്നത്, നജീബ് വിഷാദത്തിന് അടിപ്പെട്ടിരുന്നെന്നും സ്ഥിരമായി ഉറക്കഗുളിക കഴിച്ചിരുന്നതായും പറയുന്നു. ജെ. എന്‍. യു വിന്‍റെ അന്തരീക്ഷം നജീബിനെ മാനസികമായി ഒരുപാട് ബാധിച്ചിരുന്നതായും കൂട്ടിച്ചേര്‍ക്കുന്നു.

നേപ്പാള്‍ അതിര്‍ത്തിയിലേക്ക് അന്വേഷണം വ്യാപിപിക്കുന്നു

അന്വേഷണ ഉദ്യോഗസ്ഥര്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, മദ്രസകള്‍ ചര്‍ച്ചുകള്‍, കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകള്‍, തുടങ്ങി മിക്കയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മോര്‍ച്ചറികളില്‍ തിരയാന്‍ അവര്‍ ആഗ്രഹിച്ചില്ല. കാരണം നജീബ് ജീവിച്ചിരിക്കുന്നുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം നേപ്പാള്‍ വഴി രാജ്യം വിട്ടിരിക്കാമെന്ന അര്‍ത്ഥത്തില്‍ വഴികളില്‍ നജീബിന്‍റെ ഫോട്ടൊ പതിച്ച പോസ്റ്റര്‍ പതിച്ചുവെങ്കിലും ഒരു ഫലമുണ്ടായില്ല.

ആ ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ പങ്കെന്ത് ?

അന്വേഷണത്തിന്‍റെ ഭാഗമായി ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ ഫോണ്‍ ഛണ്ഡിഗഢിലുള്ള ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനക്ക് വിധേയമാക്കി. 122 ജി.ബി ഡാറ്റ ആറു ഫോണുകളില്‍ നിന്നായി ഉപയോഗിച്ചതായി കണ്ടെത്തി. ആയിരത്തില്‍പരം ഡിസ്റ്റിങ്റ്റ് ഫയല്‍, 7907 ഓഡിയോ ഫയല്‍, 1440 വീഡിയോ ഫയല്‍, 4015 ടെക്സ്റ്റ് മെസേജ്, 3870 വാട്സാപ്പ് സന്ദേശങ്ങള്‍, 114488 ഇമേജ് ഫയല്‍, 29608 എസ്. ഡി കാര്‍ഡ് ഫയല്, 20717 മിസലേനിയസ് ഫയല്‍, 36401 പേജ് എക്സ്ട്രാക്ഷന്‍ ഫയല്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. പക്ഷെ നജീബിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കിട്ടിയതുമില്ല.

നജീബുമായി അടിപിടി ഉണ്ടായെന്ന് അവര്‍ സമ്മതിക്കുന്നു. പക്ഷെ നജീബിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷെ എ.ബി.വി.പി യെ അതിന്‍റെ മാതൃസംഘടനകള്‍ സംരക്ഷിക്കുകയാണെന്ന വാദവും ശക്തമാണ്.

നജീബ് വരുമെന്ന ആത്മവിശ്വാസത്തില്‍....

ഭരണപക്ഷ എം.എല്‍.എ മാരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭീതിപ്പെടുത്തുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വരുന്നതും തങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് തരുന്നതും വളരെ നല്ല കാര്യമാണ്.

കാണാതാവുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷത്തില്‍ ഇന്ത്യാ ഗേറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോ മറിച്ചു നോക്കികൊണ്ട് സഹോദരി ഷിഫ നെടുവീര്‍പ്പിട്ടു. ഉമ്മ ഫാത്വിമ നഫീസും ഉറച്ച് വിശ്വസിക്കുന്നു. തന്‍റെ പ്രിയപ്പെട്ട മകന്‍ തിരിച്ചു വരുമെന്ന്. അവന്‍റെ തിരോധാനത്തിനു പിന്നിലുള്ളവരെ എനിക്കൊന്നും ചെയ്യേണ്ട...ഞാന്‍ അവര്‍ക്ക് മാപ്പ് കൊടുക്കുന്നു.എന്‍റെ മകനെ മാത്രം കിട്ടിയാല്‍ മതി...

Similar Posts