India
ജഡ്ജിയുടെ ഭാര്യയേയും മകനേയും ഗണ്‍മാന്‍ വെടിവെച്ചതിന് പിന്നില്‍ അവധി നല്‍കാതിരുന്നത് ?
India

ജഡ്ജിയുടെ ഭാര്യയേയും മകനേയും ഗണ്‍മാന്‍ വെടിവെച്ചതിന് പിന്നില്‍ അവധി നല്‍കാതിരുന്നത് ?

Web Desk
|
16 Oct 2018 3:42 PM GMT

ഏഴുവയസുകാരിയായ മകളെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരമായി അവധി നല്‍കണമെന്നായിരുന്നു മഹിപാലിന്റെ ആവശ്യം. എന്നാല്‍ ഷോപിംങിന് പോകുന്ന ഭാര്യക്കും മകനുമൊപ്പം പോകാനായിരുന്നു ജഡ്ജിയുടെ നിര്‍ദേശം

ഗുരുതരാവസ്ഥയിലായ മകളെ ആശുപത്രിയിലെത്തിക്കാന്‍ അവധി ചോദിച്ചിട്ടും നല്‍കാതിരുന്നതാകാം ഗണ്‍മാന്‍ ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ചതിന്റെ കാരണമെന്ന് ഗണ്‍മാന്‍റെ ബന്ധു. വെടിയേറ്റ ജസ്റ്റിസ് കിഷന്‍ കാന്ത് ശര്‍മ ഭാര്യ റിതു ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. മകന്‍ ധ്രുവിന്റെ മസ്തിഷ്‌കമരണവും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കിഷന്‍ കാന്ത് ശര്‍മയുടെ ഗണ്‍മാനായിരുന്ന മഹിപാലാണ് കൊലപാതകങ്ങള്‍ നടത്തിയത്. മഹിപാലിനെ കടുംകൈക്ക് പ്രേരിപ്പിച്ചത് ജഡ്ജി അവധി നല്‍കാതിരുന്നതാകാണെന്നാണ് മഹിപാലിന്റെ അമ്മാവന്‍ ധ്യാന്‍ സിംങിന്റെ പ്രതികരണം. ഈ കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യം കൂടി പരിഗണിക്കണമെന്നും മഹിപാലിന്റെ കുടുംബാംഗങ്ങളെ പൊലീസ് കൊണ്ടുപോയെന്നും അവരെവിടെയെന്ന് അറിയില്ലെന്നും ധ്യാന്‍ സിംങ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഴുവയസുകാരിയായ മകളെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരമായി അവധി നല്‍കണമെന്നായിരുന്നു മഹിപാലിന്റെ ആവശ്യം. മകളുടെ നില ഗുരുതരമാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നും കാണിച്ച് രാവിലെ മുതല്‍ മഹിപാലിനെ ഭാര്യ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഷോപിംങിന് പോകുന്ന ഭാര്യക്കും മകനുമൊപ്പം പോകാനായിരുന്നു ജഡ്ജിയുടെ നിര്‍ദേശം. ശനിയാഴ്ച വൈകീട്ട് അര്‍ക്കാഡിയ മാര്‍ക്കറ്റില്‍ വെച്ചാണ് ജഡ്ജിയുടെ ഭാര്യ റിതു(38)വിനേയും മകന്‍ ധ്രുവിനേയും(18) ഗണ്‍മാന്‍ മഹിപാല്‍ വെടിവെക്കുന്നത്.

എട്ട് പൊലീസുകാര്‍ ചോദ്യം ചെയ്തിട്ടും മഹിപാല്‍ മറുപടി നല്‍കിയില്ലെന്നും പലപ്പോഴും ഉറക്കെ ചിരിക്കുകയാണെന്നുമാണ് ഗുരുഗ്രാം എ.സി.പി പറഞ്ഞത്. വിഷാദ രോഗിയായിരുന്നു മഹിപാലെന്നാണ് പൊലീസ് അറിയിക്കുന്നത്. മഹിപാലിനെ ജഡ്ജി പലപ്പോഴും ശകാരിക്കാറുണ്ടായിരുന്നു. സംഭവദിവസം ജഡ്ജിയുടെ ഭാര്യയും ശകാരിച്ചു. ഷോപ്പിംങ് കഴിഞ്ഞ് മടങ്ങിയെത്തിയ മകന്‍ തിരിച്ചുവരുമ്പോള്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ക്ഷുഭിതനായ മഹിപാല്‍ തുടര്‍ന്ന് സര്‍വ്വീസ് റിവോള്‍വറെടുത്ത് വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. മകനു നേരെ വെടിവെച്ചപ്പോള്‍ തടയാനെത്തിയ അമ്മയേയും മഹിപാല്‍ വെടിവെച്ചു. പിന്നീട് ഇയാള്‍ തന്നെയാണ് കിഷന്‍ കാന്ത് ശര്‍മ്മയെ വെടിവെപ്പ് വിവരം വിളിച്ചുപറഞ്ഞത്.

Similar Posts