India
ഒമ്പതുവയസ്സുകാരനെ കൊണ്ട് അടിയറവുവെപ്പിച്ചു: കോഹീനൂര്‍ രത്നത്തെ ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയത് ഇങ്ങനെ
India

ഒമ്പതുവയസ്സുകാരനെ കൊണ്ട് അടിയറവുവെപ്പിച്ചു: കോഹീനൂര്‍ രത്നത്തെ ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയത് ഇങ്ങനെ

Web Desk
|
16 Oct 2018 6:29 AM GMT

സര്‍ക്കാരിന്റെയും പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെയും മറുപടിയില്‍ വൈരുധ്യം

കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ ബലമായിട്ടോ, മോഷ്ടിച്ചോ അല്ല ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയതെന്ന് 2016 ഏപ്രിലിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുന്നത്. ആ സമയത്ത് പഞ്ചാബ് ഭരിച്ചിരുന്ന മഹാരാജ രഞ്ജിത് സിംഗിന്റെ പിന്‍ഗാമികള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നല്‍കിയ സമ്മാനമായിരുന്നു കോഹിനൂര്‍ രത്നമെന്നായിരുന്നു ഗവണ്‍മെന്റിന്റെ പ്രസ്താവന. എന്നാല്‍ ഇതിന് പരസ്പരവിരുദ്ധമാണ് ഇപ്പോള്‍ രാജ്യത്തെ പുരാവസ്തുഗവേഷണവിഭാഗം നല്‍കുന്ന മറുപടി.

ലാഹോറിന്റെ മഹാരാജാവ് ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിക്ക് കോഹിനൂര്‍ രത്നം അടിയറവ് വെക്കുകയായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. ആംഗ്ലോ-സിക് യുദ്ധസമയത്തെ ചെലവുകള്‍ക്ക് പകരമായുള്ള ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് രഞ്ജിത് സിംഗ് മഹാരാജാവിന്റെ അനന്തരാവകാശി കോഹിനൂര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത് എന്നാണ് ഒരു പൊതുതാത്പര്യഹരജിക്ക് മറുപടിയായി നേരത്തെ സര്‍ക്കാര്‍ പറഞ്ഞത്.

ആക്ടിവിസ്റ്റ് റോഹിത് സബര്‍വാള്‍ ആണ് വിവരാവകാശ നിയമപ്രകാരം കോഹിനൂര്‍ എങ്ങനെ ബ്രിട്ടനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്ന ചോദ്യം ഉന്നയിച്ചത്. ആര്‍.ടി.ഐ ഫയല്‍ ചെയ്യുമ്പോള്‍ ആരെ സമീപിക്കണം എന്ന് തനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് പറയുന്നു റോഹിത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ അഭിസംബോധന ചെയ്തായിരുന്നു രോഹിതിന്റെ ആര്‍ടിഐ. പ്രധാനമന്ത്രിയുടെ ഓഫീസാണ് അത് പുരാവസ്തു ഗവേഷണ വകുപ്പിന് അയയ്ക്കുന്നത്.

ബ്രിട്ടന് ഇന്ത്യന്‍ അധികാരികളുടെ വെറും സമ്മാനം മാത്രമായിരുന്നോ അതെന്നും, അതോ അതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടായിരുന്നോ എന്നും രോഹിത് തന്റെ വിവരാവകാശ അപേക്ഷയിലൂടെ ചോദിച്ചു. 1849 ല്‍ ലോര്‍ഡ് ഡെല്‍ഹൌസിയും മഹാരാജാ ദുലീപ് സിംഗും തമ്മില്‍ നടന്ന ലാഹോര്‍ ഉടമ്പടി പ്രകാരം ലാഹോര്‍ മഹാരാജാവ് ഇംഗ്ലണ്ടിലെ രാജ്ഞിക്ക് കോഹിനൂര്‍ അടിയറവ് വെക്കുകയായിരുന്നുവെന്ന് പുരാവസ്തുഗവേഷണ വകുപ്പ് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.

ഷാ സുജ ഉല്‍ മുല്‍ക്കില്‍നിന്ന് മഹാരാജാ രഞ്ജിത് സിംഗ് എടുത്ത കോഹീനൂര്‍ രത്നം, പിന്നീട് ലാഹോര്‍ മഹാരാജാവ് ഇംഗ്ലണ്ടിലെ രാജ്ഞിക്ക് അടിയറവ് വെക്കുകയായിരുന്നുവെന്ന് വ്യക്തം. മാത്രമല്ല, ദൂലീപ് സിംഗിന്റെ സ്വന്തം ഇഷ്ടത്തിനല്ല, കോഹീനൂര്‍ ബ്രിട്ടന് കൈമാറിയത് എന്നതിന് ആ ഉടമ്പടി കാലംതന്നെ തെളിവാണെന്നും രോഹിത് പറയുന്നു. കാരണം, ഉടമ്പടിയുടെ സമയത്ത് ദുലീപ് സിംഗിന് പ്രായപൂര്‍ത്തിയായിരുന്നില്ല. മഹാരാജാ ദുലീപ് സിംഗിന് വെറും ഒമ്പത് വയസ്സ് പ്രായമുള്ളപ്പോള്‍, ബ്രിട്ടീഷുകാര്‍ കോഹിനൂര്‍ ഇന്ത്യയില്‍ നിന്ന് സ്വന്തം ഇഷ്ടത്തിന് കൊണ്ടുപോകുകയായിരുന്നു എന്ന തങ്ങളുടെ വാദം ഇതോടെ ശരിയായിരിക്കുകയാണെന്നായിരുന്നു മഹാരാജാ ദുലീപ് സിംഗ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കോത്തി ബസ്സിയാന്റെയും കവി ഗുര്‍ഭജന്‍ സിംഗ് ഗില്ലിന്റെയും പ്രതികരണം.

Similar Posts