India
ഇന്ത്യയുമായുള്ള ‘പണമിടപാട് നിബന്ധനകൾ’ പുനരവലോകനം ചെയ്യണം: എണ്ണ ഉത്പാദക രാജ്യങ്ങളോട് മോദിയുടെ അപേക്ഷ
India

ഇന്ത്യയുമായുള്ള ‘പണമിടപാട് നിബന്ധനകൾ’ പുനരവലോകനം ചെയ്യണം: എണ്ണ ഉത്പാദക രാജ്യങ്ങളോട് മോദിയുടെ അപേക്ഷ

Web Desk
|
16 Oct 2018 7:46 AM GMT

മോദിയുടെ പ്രസ്താവന, ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഇറക്കുമതി വ്യാപാരികളെ സഹായിക്കാനുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ 14 ശതമാനം ഇടിവുണ്ടായത് പരിഗണിച്ച്, എണ്ണ ഉത്പാദക രാജ്യങ്ങളോടും ആഗോള ഊര്‍ജ ഭീമന്മാരോടും ഇന്ത്യയുമായുള്ള പണമിടപാട് നിബന്ധനകൾ പുനരവലോകനം ചെയ്യണമെന്ന് അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ എണ്ണ ഉൽപാദനത്തിന് പ്രോത്സാഹനമായി അവരുടെ നിക്ഷേപ സംവിധാനങ്ങൾ രാജ്യത്തേക്ക് കൂടുതൽ തിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മോദി പറഞ്ഞ പണമിടപാട് നിബന്ധനകളെന്തെല്ലാമാണെന്ന സർക്കാർ പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും, മോദിയുടെ പ്രസ്താവന, ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഇറക്കുമതി വ്യാപാരികളെ സഹായിക്കാനുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുതലാളിമാര്‍ക്ക് തങ്ങളുടെ വിദേശകച്ചവടക്കാരുമായുള്ള ഇടപാടുകള്‍ ഡോളറിന് പകരം രൂപയില്‍തന്നെ നടത്താന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നതോടെ കഴിയും.

ക്രൂഡ് ഓയിലിന്റെ വിലവർധന മൂലം എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഈ സാഹചര്യത്തിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സഹകരണം ഉണ്ടാവേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് ആഗോള സമ്പദ്ഘടനയ്ക്ക് തന്നെ ദോഷം ചെയ്യുന്നതാണെന്നും സൗദി അറേബ്യയെപ്പോലുള്ള എണ്ണ ഉൽപാദകര്‍ക്ക് മോദി മുന്നറിയിപ്പ് നല്‍കി,

മുമ്പ് നടന്ന യോഗങ്ങളിലെല്ലാം ഇതു സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടും, എണ്ണ-വാതക പര്യവേക്ഷണവും ഉല്പാദനവുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്താതിരുന്നത് എന്തുകൊണ്ടാണെന്നും മോദി ചീഫ് എക്സിക്യൂട്ടീവ്മാരോട് ചോദിച്ചു.

മറ്റ് വിപണികളിലുള്ളതു പോലെ എണ്ണ നിർമ്മാതാക്കളും ഉപഭോക്താക്കളും തമ്മില്‍ ശക്തമായ പങ്കാളിത്തം ഓയില്‍ വിപണിയിലും ഉണ്ടാവേണ്ടതുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു. ഇത് തിരിച്ചുവരവിന്റെ പാതയിലുള്ള ആഗോള സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയിൽ വില വര്‍ധനയും രൂപയുടെ മൂല്യശോഷണവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഐ.എച്ച്.എസ് മാർക്കിറ്റ് സംഘടിപ്പിച്ച രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മോദി. സമ്മേളനത്തിനിടെ സർക്കാർ പ്രതിനിധികളും കോർപ്പറേറ്റ് തലങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തി.

സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രിയും സൗദി അരാംകോ ചെയര്‍മാനുമായി ഖാലിദ് എ അൽ ഫലിഹും യു.എ.ഇ മന്ത്രിയും അഡ്നോക് സി.ഇ.ഒയുമായ സുൽത്താൻ അഹമ്മദ് അൽ ജബറുമായും ബി പി, റോസ്നെഫ്റ്റ് തുടങ്ങിയ കമ്പനികളുടെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‍ലി എന്നിവരും ഇന്ത്യൻ എണ്ണക്കമ്പനികളുടെ തലവൻമാരും യോഗത്തിൽ പങ്കെടുത്തു.

Similar Posts