ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസില്‍ ജീവപര്യന്തം
|ഡല്‍ഹി നിവാസിയായ ശിവ്പാലിന്റേയും യുപിയില്‍ നിന്നുള്ള സുരേഷിന്റേയും പരാതികളിലാണ് രാംപാലിനെതിരെ കേസെടുത്തത്. ഇരുവരും തങ്ങളുടെ ഭാര്യമാര്‍ കൊല്ലപ്പെട്ടെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്
വിവാദ ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ്. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് രാംപാലിന് ശിക്ഷ വിധിച്ചത്. രാം പാലിനും അനുയായികള്‍ക്കുമെതിരെ രണ്ട് കൊലക്കേസുകളില്‍ ഒന്നിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
2014 നവംബര്‍ 19നാണ് ബര്‍വാല പൊലീസ് സ്റ്റേഷനില്‍ രാംപാലിനും അനുയായികള്‍ക്കുമെതിരെ രണ്ട് കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ ഭദ്രപൂര്‍ നിവാസിയായ ശിവ്പാലിന്റേയും യുപിയിലെ ലളിത്പൂരില്‍ നിന്നുള്ള സുരേഷിന്റേയും പരാതികളിലാണ് രാംപാലിനെതിരെ കേസെടുത്തത്. ഇരുവരും തങ്ങളുടെ ഭാര്യമാര്‍ കൊല്ലപ്പെട്ടെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്.
രാംപാലിന്റെ ബര്‍വാലയിലെ ആശ്രമത്തില്‍ വെച്ചാണ് ഇവരുടെ ഭാര്യമാര്‍ കല്ലപ്പെട്ടത്. രാംപാലും അനുയായികളും ഇവരെ ബന്ദികളാക്കിയിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് രാംപാലിന്റെ അഭിഭാഷകന് എ.പി. സിംങ് അറിയിച്ചു.
2014 നവംബറിലാണ് രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാംപാലിന്റെ സത്ലോക് ആശ്രമത്തിന് മുന്നില്‍ രണ്ടാഴ്ച നീണ്ടുനിന്ന അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. അനുയായികളെ മനുഷ്യകവചമാക്കി അറസ്റ്റ് തടയാനായിരുന്നു രാംപാല്‍ ശ്രമിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു.