India
എം.ജെ അക്ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി വനിത മാധ്യമപ്രവര്‍ത്തകര്‍
India

എം.ജെ അക്ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി വനിത മാധ്യമപ്രവര്‍ത്തകര്‍

നിഷാദ് വി.എം
|
17 Oct 2018 7:43 AM GMT

ഏഷ്യന്‍ എയ്ജില്‍ പ്രിയ രമണിക്കൊപ്പം ജോലി ചെയ്തവരും സമാന അനുഭവം നേരിട്ടവരും സാക്ഷികളും ഇക്കൂട്ടത്തിലുണ്ട്. 

എം.ജെ അക്ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി 19 വനിത മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. ഏഷ്യന്‍ എയ്ജില്‍ പ്രിയ രമണിക്കൊപ്പം ജോലി ചെയ്തവരും സമാന അനുഭവം നേരിട്ടവരും സാക്ഷികളും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ മൊഴി കൂടി കോടതി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ലൈംഗികാരോപണ വിധേയനായ എം.ജെ അക്ബറിനെതിരെ രംഗത്തെത്തിയ 19 വനിത മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി പ്രസ്താവന ഇറക്കിയാണ് പ്രിയ രമണിക്ക് പിന്തുണ അറിയിച്ചത്. പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരനായ എം.ജെ അക്ബറില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നവരുടെ മൊഴികള്‍ കൂടി പരിഗണിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. എം.ജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നിയമനടപടിയിലൂടെ തെളിയിക്കുന്നതെന്തെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു. എം.പി, കേന്ദ്രമന്ത്രി എന്നീ പദവികള്‍ ദുരുപയോഗം ചെയ്യുകയാണ് അക്ബര്‍ ചെയ്തത്. പ്രിയ രമണിയുടെ വെളിപ്പെടുത്തല്‍ സ്വന്തം അനുഭവം എന്നതിനപ്പുറം നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയും ലൈംഗീക ഇരയാക്കപ്പെടലുമാണ് തകര്‍ക്കപ്പെട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

മീ ടു ക്യാമ്പയിന്റെ ഭാഗമായി വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി പേരാണ് എം.ജെ അക്ബറിനെതിരെ ആരോപണവുമായി എത്തിയത്. എന്നാല്‍ ആരോപണങ്ങളെ തള്ളിയ അക്ബര്‍ ശക്തമായ ആരോപണവുമായി രംഗത്തെത്തിയ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രിയ രമണിയും പ്രതികരിച്ചിട്ടുണ്ട്.

Related Tags :
Similar Posts