ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം
|കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ഫ്രാങ്കോ മുളക്കല്‍ ഇന്നാണ് ജലന്ധറിലെത്തിയത്. പഞ്ചാബ് പൊലീസിന്റെ അകമ്പടിയില്‍ അനുയായികള്‍ വലിയ സ്വീകരണമാണ് ഫ്രാങ്കോ മുളക്കലിന് നല്‍കിയത്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍ വിശ്വാസികളുടെ വക ഗംഭീര സ്വീകരണം. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ഫ്രാങ്കോ മുളക്കല്‍ ഇന്നാണ് ജലന്ധറിലെത്തിയത്. പഞ്ചാബ് പൊലീസിന്റെ അകമ്പടിയില്‍ അനുയായികള്‍ വലിയ സ്വീകരണമാണ് ഫ്രാങ്കോ മുളക്കലിന് നല്‍കിയത്.
അണികള്‍ റോസാ പുഷ്പങ്ങള്‍ എറിഞ്ഞപ്പോള്‍ പുഞ്ചിരിയോടെയാണ് ഫ്രാങ്കോക്ക് അത് സ്വീകരിച്ചത്. 'പഞ്ചാബിലെ ജനങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. നാളെയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏവര്‍ക്കും നന്ദി. കേസില്‍ അന്വേഷണവുമായി എല്ലാ നിലയിലും സഹകരിക്കും. നിയമവിധേയമായി ജീവിക്കുന്ന പൗരനെന്ന നിലയില്‍ രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്' എന്നായിരുന്നു ഫ്രാങ്കോ മുളക്കല്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി നടത്തിയതടക്കമുള്ള കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യുന്നത്. മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. മൂന്നാഴ്ച്ചത്തെ തടവുശിക്ഷക്കു ശേഷം തിങ്കളാഴ്ച്ചയാണ് കേരള ഹൈക്കോടതി ഫ്രാങ്കോ മുളക്കലിന് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഉപാധികളോടെ ജാമ്യം നല്‍കിയത്. മാസത്തില്‍ രണ്ട് ശനിയാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഒപ്പിടാന്‍ മാത്രമേ ഫ്രാങ്കോ മുളക്കലിന് കേരളത്തില്‍ വരുവാന്‍ അനുവാദമുള്ളൂ. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയാണ് ഈ നിബന്ധന.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് ജൂണിലാണ് കന്യാസ്ത്രീ പരാതി നല്‍കുന്നത്. ക്രൈസ്തവസഭയില്‍ നിരന്തരം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. വിവാദങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ബിഷപ്പിന്റെ ചുമതലകളില്‍ നിന്നും ഫ്രാങ്കോ മുളക്കല്‍ ഒഴിഞ്ഞിരുന്നു.