അയോധ്യയുള്ളതിനാല്‍ ഫൈസാബാദിന്റെയും പേര് മാറ്റണം: യോഗിയോട് വി.എച്ച്.പി
|ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യ എന്നാക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം
മൂന്നു ദിവസം മുമ്പാണ് അലഹബാദിനെ പ്രയാഗ്‍രാജ് എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഫൈസാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് സംസ്ഥാനത്ത് നിന്ന് ഉയരുന്നത്. ഫൈസാബാദിന്റെ പേര് മാറ്റ നിര്‍ദേശത്തിന് പിന്നില്‍ പ്രധാനമായും ഉള്ളത് വി.എച്ച്.പിയാണ്.
ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യ എന്നാക്കി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. അയോധ്യ ഉള്‍പ്പെടുന്നത് ഫൈസാബാദിലാണ് എന്നതാണ് ഈ പേര് നിര്‍ദേശിക്കപ്പെടാന്‍ കാരണം.
ജനങ്ങളുടെ വികാരത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നുവെന്നതിന്റെ തെളിവാണ് അലഹബാദിന്റെ പേര് മാറ്റമെന്ന് പറയുന്നു വി.എച്ച്.പി നേതാവ് ശരദ് ശര്‍മ. ജനുവരിയിലെ കുംഭമേളയ്ക്ക് മുന്‍പ് അലഹബാദിന്റെ പേര് മാറ്റുമെന്നാണ് യോഗി വ്യക്തമാക്കിയിട്ടുള്ളത്.
അലഹബാദ് നേരത്തെ പ്രയാഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. 16ആം നൂറ്റാണ്ടില്‍ അക്ബര്‍ പ്രയാഗില്‍ ഗംഗ, യമുന സംഗമത്തിനരികെ കോട്ട നിര്‍മിച്ചു. ഇലഹബൈദ് എന്നാണ് അക്ബര്‍ ഈ കോട്ടയ്ക്ക് നല്‍കിയ പേര്. പിന്നീട് ഷാജഹാന്‍ നഗരത്തിന്റെ പേര് അലഹബാദ് എന്നാക്കി മാറ്റി. അതേസമയം കുംഭമേള നടക്കാറുള്ള പ്രദേശം പ്രയാഗ് എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഇതാണ് അലഹബാദിന് പ്രയാഗ്‍രാജ് എന്ന പേര് നിര്‍ദേശിക്കപ്പെടാന്‍ കാരണം.
അതേ കാരണം തന്നെയാണ് ഇപ്പോള്‍ ഫൈസാബാദിന്റെ പേര് മാറ്റത്തിനും വി.എച്ച്.പി പറയുന്നത്. അയോധ്യഉള്‍പ്പെടുന്ന ഫൈസാബാദ് ശ്രീ അയോധ്യയെന്ന് അറിയപ്പെടണം.