‘വിധി അംഗീകരിക്കുന്നു, പക്ഷേ ആചാരങ്ങളെ ബഹുമാനിക്കണം’; ശബരിമല വിഷയത്തിൽ ‘സമദൂരം’ പാലിച്ച് രജനീകാന്ത്
|‘സുപ്രീംകോടതി വിധി സ്ത്രീ-പുരുഷ സമത്വത്തിൽ ഊന്നിയുള്ളതാണ്. ഇതിൽ യാതൊരു വിധ വിട്ടുവീഴ്ച്ചക്കും തയ്യാറില്ല. എന്നാൽ ശബരിമല പോലുള്ള വെെകാരികമായ കാര്യത്തിൽ ഇടപെടുമ്പോൾ വളരെ സൂക്ഷമത പുലർത്തണം’
ശബരിമല സ്ത്രീ വിഷയത്തിൽ നിലപാട് അറിയിച്ച് തമിഴ് താരം രജനീകാന്ത്. സുപ്രീംകോടതി വിധിയെ പിന്തുണക്കുന്നതായും എന്നാൽ കാലങ്ങളായി അനുഷ്ഠിച്ച് പോരുന്ന ആചാരങ്ങളെയും, വിശ്വാസങ്ങളെയും മുഖവിലക്ക് എടുക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. സുപ്രീകോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ക്ഷേത്രത്തിനും പ്രത്യേകം വിശ്വാസ-അനുഷ്ഠാനങ്ങൾ ഉണ്ട്. കാലങ്ങളായി അനുഷ്ഠിച്ച് വരുന്ന ഇത്തരം ആചാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധി സ്ത്രീ-പുരുഷ സമത്വത്തിൽ ഊന്നിയുള്ളതാണ്. ഇതിൽ യാതൊരു വിധ വിട്ടുവീഴ്ച്ചക്കും തയ്യാറില്ല. എന്നാൽ ശബരിമല പോലുള്ള വെെകാരികമായ കാര്യത്തിൽ ഇടപെടുമ്പോൾ വളരെ സൂക്ഷമത പുലർത്തണമെന്നും രജനികാന്ത് പറഞ്ഞു.
കഴിഞ്ഞ വർഷം തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ തമിഴ് സൂപ്പർതാരം, 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 അസംബ്ലി മണ്ഡലങ്ങളിലും ജനവിധി തേടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.