എന്‍.ഡി.ടി.വിയെ പൂട്ടിക്കാന്‍ കേന്ദ്രസര്‍ക്കാറും റിലയന്‍സും
|കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളായ ദ ക്വിന്റ്, ദ ന്യൂസ് മിനിറ്റ് എന്നിവയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു
മോദി സര്‍ക്കാറിന്റെ കണ്ണിലെ കരടായ പ്രമുഖ വാര്‍ത്ത ചാനല്‍ എന്‍.ഡി.ടി.വിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറും റിലയന്‍സും. റഫാല്‍ വിവാദത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് 10,000 കോടി രൂപയുടെ മാനനഷ്ട കേസിന് നോട്ടീസ് കൊടുത്തു. ചാനലിന് 4300 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും നോട്ടീസ് നല്‍കി.
കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളായ ദ ക്വിന്റ്, ദ ന്യൂസ് മിനിറ്റ് എന്നിവയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. 1637 കോടി രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശ ധനവിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിശദീകരിച്ചു. 2732 കോടി രൂപയുടെ മറുനാടന്‍ നിക്ഷേപം സ്വീകരിക്കുന്നതിലും ചട്ടലംഘനമുണ്ട്.
എന്‍.ഡി.ടി.വി സഹാധ്യക്ഷരായ പ്രണോയ് റോയ്, രാധിക റോയ്, മാധ്യമ പ്രവര്‍ത്തകന്‍ വിക്രം ചന്ദ്ര തുടങ്ങിയവര്‍ക്കാണ് നോട്ടീസ്. 600 കോടിയില്‍ കവിഞ്ഞ പ്രത്യക്ഷ വിദേശനിക്ഷേപം സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ സാമ്പത്തികകാര്യ സമിതിയുടെ അനുമതി വേണമെന്നിരിക്കേ, അനുമതിയില്ലാതെ 725 കോടി രൂപ സമാഹരിച്ചെന്നതാണ് ഒരു കുറ്റം. എന്നാല്‍, സ്വതന്ത്രവും ന്യായയുക്തവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ തങ്ങളെ ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമ്മര്‍ദത്തിലൂടെ വരുതിയിലാക്കാനാണ് ശ്രമിക്കുന്നതെന്നും എന്‍.ഡി.ടി.വി അധികൃതര്‍ കുറ്റപ്പെടുത്തി. മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ് തങ്ങള്‍െക്കതിരായ നടപടി.
റഫാല്‍ പോര്‍വിമാന ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയായി വിമാനനിര്‍മാണ മേഖലയില്‍ പരിചയമൊന്നുമില്ലാത്ത റിലയന്‍സിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും പിന്നാമ്പുറ നീക്കങ്ങളും എന്‍.ഡി.ടി.വി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിലയന്‍സില്‍നിന്ന് 10,000 കോടിയുടെ അപകീര്‍ത്തി കേസിന് നോട്ടീസ് കിട്ടിയിരിക്കുന്നത്.
പ്രതിരോധ ഇടപാടിനെക്കുറിച്ച് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വാര്‍ത്ത നല്‍കുന്നവരെ ശ്വാസംമുട്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് എന്‍.ഡി.ടി.വി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ വസതിയില്‍ സി.ബി.ഐ കഴിഞ്ഞ വര്‍ഷം ജൂണില്‍ റെയ്ഡ് നടത്തിയിരുന്നു. ഒരു ദിവസത്തേക്ക് ചാനലിന്റെ സംപ്രേഷണം സര്‍ക്കാര്‍ വിലക്കി. എന്നാല്‍, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു.