‘നിങ്ങള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഈ നാട്ടിലെ പട്ടിണി മാറില്ല’; ശിവ് സേനയെ പരിഹസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
|മഹാരാഷ്ട്രയിലെ ഭരണ പരാജയങ്ങൾ ഓരോന്നും ചൂണ്ടിക്കാട്ടിയാണ് നവനിർമാൺ സേന ഉദ്ധവിന്റെ അയോദ്ധ്യാ പരാമർശത്തിന് മറുപടി പറഞ്ഞിരിക്കുന്നത്.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പരിഭവപ്പെട്ട ശിവ് സേനാ തലവൻ ഉദ്ധവ് താക്കറേക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്). അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചാൽ മാഹാരാഷ്ട്രയിൽ പട്ടിണി മാറുമോ എന്നാണ് നവനിർമാൺ സേന ചോദിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിൽ കേന്ദ്രം അലംഭാവം കാണിക്കുകയാണെന്നും, താൻ ഉടൻ അയോദ്ധ്യ സന്ദർശിക്കുമെന്നും നേരത്തെ ഒരു പൊതുപരിപാടിക്കിടെ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ ഭരണ പരാജയങ്ങൾ ഓരോന്നും ചൂണ്ടിക്കാട്ടിയാണ് നവനിർമാൺ സേന ഉദ്ധവിന്റെ അയോദ്ധ്യാ പരാമർശത്തിന് മറുപടി പറഞ്ഞിരിക്കുന്നത്. താങ്കൾ അയോദ്ധ്യയിൽ പോയി വന്നാൽ ഈ നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമോ എന്ന് സേനാ വക്താവ് സന്ദീപ് ദേശ്പാണ്ഡെ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പോലെ കർഷകർക്ക് അവരുടെ വിളകൾക്ക് ഇപ്പോഴും ന്യായ വില ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇത് വരെ സംസ്ഥാനം കരകയറിയിട്ടില്ല. റോഡുകളുടെ നവീകരണവും ഇതുവരെ നടന്നിട്ടില്ല. ശിവ് സേനയും സഖ്യകക്ഷിയായ ബി.ജെ.പിയും വാക്ക് പറഞ്ഞപോലെ നല്ല ഭരണം കാഴ്ച്ചവെക്കാൻ ഇത് വരെ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.