India
കോണ്‍ഗ്രസ് ഒരു കുടുംബത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി
India

കോണ്‍ഗ്രസ് ഒരു കുടുംബത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി

Web Desk
|
21 Oct 2018 7:11 AM GMT

അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചു.

കോണ്‍ഗ്രസ് ഒരു കുടുംബത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് അവഗണിച്ചു. പ്രതിരോധ രംഗത്തടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് എന്‍.ഡി. എ സര്‍ക്കാരാണെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

സ്വാതന്ത്ര്യ ദിനത്തിൽ മാത്രം ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതാണ് കീഴ്‍വഴക്കമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ദേശീയ പതായ ഉയര്‍ത്തിയ ശേഷമുള്ള പ്രാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവും അത് വ്യക്തമാക്കുന്നതായിരുന്നു. നിരവധി പേരുടെ ജീവത്യാഗത്തിലൂടെ നേടിയതാണ് സ്വാതന്ത്ര്യം. നല്ല ഭരണത്തിലൂടെ അത് നിലനിര്‍ത്തേണ്ടത് ചുമതലയാണ്. എന്നാല്‍ ഒരു കുടുംബത്തെ മാത്രമാണ് കോണ്‍ഗ്രസ് പ്രേത്സാഹിപ്പിക്കുന്നത്.

നേതാജിയുടെ സംഭാവനകളെ കോണ്‍ഗ്രസ് മറന്നു. പ്രതിരോധമേഖലയെ ശക്തിപ്പെടുത്താന്‍ നിരവധി നടപടികള്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ എന്‍.ഡി.എ സര്‍ക്കാര്‍ സ്വീകരിച്ചു. പ്രതിരോധ രംഗത്ത് മികച്ച സാങ്കേതിക വിദ്യകള്‍ കൊണ്ട് വന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, എൻ.ഐ.എയുമായി ബന്ധമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പൊലീസ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പൊലീസ് മെമ്മോറിയല്‍ മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് തടയിട്ടത് സേനയുടെ ജാഗ്രതയാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Similar Posts