തെലങ്കാനയില്‍ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
|കാർഷിക കടം എഴുതി തള്ളുമെന്ന പൊള്ളയായ വാഗ്ദാനം നൽകുകയും അഴിമതിയെ താലോലിക്കുകയും ചെയ്യുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമെന്ന് രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക കടം എഴുതി തള്ളുമെന്ന പൊള്ളയായ വാഗ്ദാനം നൽകുകയും അഴിമതിയെ താലോലിക്കുകയും ചെയ്യുന്നവരാണ് ഇരുവരുമെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഭരണഘടനാ ശില്പി ബി. ആർ അംബേദ്കറുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി ദളിത് വിഭാഗത്തെ ചന്ദ്രശേഖരറാവു അപമാനിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ റെഡ്ഢി സ്റ്റേഡിയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ വെയായിരുന്നു രാഹുലിന്റെ വിമർശം. കഴിഞ്ഞ അഞ്ചുവർഷം അധികാരത്തിൽ ഇരുന്നിട്ടും ചന്ദ്രശേഖരറാവു മോദിയും കർഷകർക്കായി ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരറാവു, മോദി സർക്കാരുകൾ തകർന്നടിയും. ഇരുവരും ബന്ധുക്കൾക്ക് മാത്രമാണ് സഹായം ചെയ്തതെന്നും അഴിമതിയെ താലോലിക്കുന്നവരാണെന്നും രാഹുൽ വിമർശിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. ആദിവാസി അവകാശ സംരക്ഷണ ബില്ലും വനാവകാശ സംരക്ഷണ ബില്ലും നടപ്പിലാക്കും. തെരഞ്ഞെടുപ്പ് തെലങ്കാനയിൽ മാറ്റങ്ങൾ വരുത്താൻ പോവുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.