India
‘ജനിച്ച നാട്ടില്‍ വിദേശിയാകേണ്ടി വന്നത് സഹിക്കാനായില്ല’; അസമില്‍ മുന്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു   
India

‘ജനിച്ച നാട്ടില്‍ വിദേശിയാകേണ്ടി വന്നത് സഹിക്കാനായില്ല’; അസമില്‍ മുന്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു   

Web Desk
|
22 Oct 2018 10:29 AM GMT

അസമില്‍ പൗരത്വ പട്ടികയുടെ പേരിലുള്ള ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്‍.ആര്‍.സിയില്‍ ഇടം ലഭിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു മുന്‍ സ്‌കൂള്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

അസമിലെ മംഗള്‍ദോയ് ജില്ലക്കാരനായ നിരോദ് കുമാര്‍ ദാസ് ആണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു ദാസ്. രാവിലെ നടക്കാന്‍ പോയി തിരികെ വന്ന ദാസിനെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണെന്ന് പോലീസ് സൂപ്രണ്ട് ശ്രീജിത്ത് പറഞ്ഞു.

പൗരത്വ പട്ടിക തയ്യാറാക്കിയതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്ത് വിദേശിയായി മുദ്ര കുത്തപ്പെട്ടതിലുള്ള വിഷമം സഹിക്കവയ്യാതെയാണ് താന്‍ ജീവനെടുക്കന്നതെന്ന് 74 കാരനായ ദാസ് ആത്മഹത്യാകുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്.

കുമാര്‍ ദാസ് തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദാസിന്റെ ഭാര്യ, മൂന്ന് പെണ്‍മക്കള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ മക്കള്‍ തുടങ്ങിയവരെല്ലാം പൗരത്വ പട്ടികയില്‍ ഇടം നേടിയിരുന്നു. കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളുടെ പട്ടികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ തന്റെ പേര് മാത്രം ഒഴിവാക്കപ്പെട്ടതില്‍ ദാസ് ശക്തമായ നൈരാശ്യം അനുഭവിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ജൂണ്‍ 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ ദാസിന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എന്‍.ആര്‍.സി തയ്യാറാക്കുന്ന പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ വിദേശിയെന്ന് രേഖപ്പെടുത്തപ്പെട്ടതിനാലാണ് പേരില്ലാത്തത് എന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്, കുടുംബാംഗങ്ങള്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ ആരുടെയും പേരുകള്‍ ദാസ് എഴുതി വെച്ചിരുന്നില്ല. എന്നാല്‍, എന്‍.ആര്‍.സി അധികൃതര്‍ക്കെതിരെ നടപടി എടുക്കാതെ അദ്ദേഹത്തിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ട്‌പോകാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ദാസിന്റെ പേര് എന്ത്‌കൊണ്ട് പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഡപ്യൂട്ടി കമ്മീഷണറും പോലീസ് സൂപ്രണ്ടും ഉറപ്പുകൊടുത്തതിന് ശേഷമാണ് ആളുകള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായത്.

Similar Posts