India
ആഭ്യന്തര കലഹം രൂക്ഷം; സി.ബി.എെ ആസ്ഥാനത്ത് സി.ബി.എെ റെയ്ഡ്
India

ആഭ്യന്തര കലഹം രൂക്ഷം; സി.ബി.എെ ആസ്ഥാനത്ത് സി.ബി.എെ റെയ്ഡ്

Web Desk
|
22 Oct 2018 3:48 PM GMT

പ്രധാനമന്ത്രിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ളയാളാണ് 2011 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന. നേരത്തെ തന്നെ രാകേഷ് അസ്താനക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സി.ബി.ഐയിലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും പ്രധാനമന്ത്രി വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. അതിനിടെ രാകേഷ് അസ്താനക്കെതിരായി സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.എെ.ആറിന്റെ പകർപ്പ് പുറത്തു വന്നു.

പ്രധാനമന്ത്രിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ളയാളാണ് 2011 ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന. നേരത്തെ തന്നെ രാകേഷ് അസ്താനക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായി പരിഗണിക്കുന്നത്. ഇത് തടണം എന്ന് കാണിച്ച് കഴിഞ്ഞ ഒക്ടോബറില്‍ നിയമന കമ്മിറ്റിക്ക് സി.ബി.ഐ തലവന്‍ അലോക് വര്‍മ്മ കത്തയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിക്കുന്നത്.

ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം തുടരവെയാണ് വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സി.ബി.ഐ ക്രിമിനല്‍ ഗൂഡാലോചന, അഴിമതി തുടങ്ങിയ കുറ്റം ചുമത്തി എഫ്.എെ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പതിനഞ്ചാം തിയതി രജിസ്റ്റർ ചെയ്ത എഫ്.എെ.ആറിന്റെ പകര്‍പ്പ് പുറത്ത് വന്നിട്ടുണ്ട്.

സി.ബി.ഐയിലെ ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള ബന്ധമാണ് കേസിന് പിന്നിലെന്നാണ് രാകേഷ് അസ്താനയുടെ മറുപടി. ഇതോടെയാണ് സി.ബി.ഐയലെ ആഭ്യന്തര കലഹം രൂക്ഷമായതോടെയാണ് ഇരുവരെയും പ്രധാനമന്ത്രി വിളിപ്പിച്ചത്.

ഇതിനിടെ മോയിന്‍ ഖുറേഷി കേസ് അന്വേഷണ സംഘത്തിലെ അംഗമായിരുന്ന സി.ബി.ഐ ഡെപ്യൂട്ടി എസ്.പി ദേവേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തു. അസ്താനയുടെ സഹായിയായ ദേവേന്ദ്ര വ്യാജ രേഖകള്‍ ഉണ്ടാക്കി എന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് സി.ബി.ഐ തന്നെ സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തകയും ചെയ്തു.

കൂട്ടിലിട്ട തത്തയെന്ന് വിളിച്ച യു.പി.എ കാലത്തെക്കാള്‍ അപ്പുറത്താണ് സിബിഐയുടെ നിലവിലെ സ്ഥിതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സി.ബി.ഐ തന്നെ പ്രതികൂട്ടിലായ സ്ഥിതിക്ക് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടു.

Similar Posts