എന്‍.ഡി തിവാരിയുടെ മൃതദേഹത്തിനടുത്തിരുന്ന് യോഗി ആദിത്യനാഥ് പൊട്ടിച്ചിരിച്ചതെന്തിന്?
|വീഡിയോ വൈറലായതോടെ പുലിവാല് പിടിച്ച് ബി.ജെ.പി
ബി.ജെ.പിയെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ. അടുത്തിടെ മരിച്ച മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്നു അടുത്ത ദിവസം അന്തരിച്ച എന്‍. ഡി തിവാരി. അദ്ദേഹത്തിന്റെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴുള്ള ദൃശങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ച തിവാരിയുടെ മൃതദേഹത്തിനരികെയിരുന്ന് പൊട്ടിച്ചിരിക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വീഡിയോയിലുള്ളത്. കൂടെയുള്ളത് ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡനും, യു.പി മന്ത്രിമാരായ മൊഹ്‌സിന്‍ റാസയും അശുതോഷ് ടന്‍ഡനും. ഈ നാലുപേരും ഔചിത്വം മറന്ന് അനവസരോചിതമായി സംസാരിച്ച് പൊട്ടിച്ചിരിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണിപ്പോള്‍.
ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡനും യോഗി ആദിത്യനാഥും മുന്നിലായും മറ്റ് രണ്ട് പേര്‍ പിറകിലായും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിവാരിക്ക് അന്തിമോപചാരമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ യോഗി പിറകിലേക്ക് തിരിഞ്ഞ് മൊഹ്സിന്‍ റാസയോയും അശുതോഷ് ടന്‍ഡനോടുമായി എന്തോ പറയുകയും തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുകയുമായിരുന്നു.
ഒരു മുഖ്യമന്ത്രിയും ഗവര്‍ണറും മന്ത്രിമാരും പരസ്യമായി അതേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിരിക്കയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. വെറും ഫോട്ടോഷൂട്ടുകളല്ല ഇത്തരം ചടങ്ങുകളെന്ന് ബി.ജെ.പി മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സിഷാന്‍ ഹൈദര്‍ കുറ്റപ്പെടുത്തി. മരിച്ചത് അടല്‍ ബിഹാരി വാജ്പേയ് ആയാലും എന്‍.ഡി തിവാരി ആയാലും ബി.ജെ.പിക്ക് അവരുടെ അന്ത്യചടങ്ങുകള്‍ വെറും ഇവന്റ് മാത്രമാണ്. ഒരു മൃതശരീരത്തിന് അവര്‍ നല്‍കുന്ന ആദരവ്, അതിന് മുന്നിലിരുന്ന് ചിരിച്ചപ്പോള്‍തന്നെ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടെന്നും സീഷാന്‍ കൂട്ടിച്ചേര്‍ത്തു.
സമാജ്‍വാദി പാര്‍ട്ടിപ്രവര്‍ത്തകരും വളരെ രൂക്ഷമായാണ് വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. ഇത്തരക്കാര്‍ ജീവിതത്തിനോ മരണത്തിനോ ഒരു വിലയും കല്‍പ്പിക്കുന്നില്ല. അവര്‍ക്കെല്ലാം രാഷ്ട്രീയമാണെന്നും സമാജ്‍വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബദൌരിയ പറഞ്ഞു.