രാജ്യത്ത് ആദ്യമായി വിലയുടെ കാര്യത്തില്‍ പെട്രോളിനെ തോല്‍പ്പിച്ച് ഡീസല്‍
|ഒഡീഷയിലാണ് ഇന്ധന വിലയിലെ ഈ മലക്കം മറിച്ചില്‍ ഉണ്ടായിട്ടുള്ളത്.
രാജ്യത്ത് വില വര്‍ധനയുടെ കാര്യത്തില്‍ പെട്രോളിനോട് മത്സരിക്കുകയായിരുന്നു ഡീസല്‍. എന്തായാലും വിശ്രമമില്ലാത്ത ആ മത്സരം ഫലം കണ്ടിരിക്കുകയാണ് ഇപ്പോള്‍. വിലയില്‍ പെട്രോളിന് മുന്നിലെത്താന്‍ ഡീസലിന് സാധിച്ചു. രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോൾ വിലയിലും കൂടി. ഒഡീഷയിലാണ് ഇന്ധന വിലയിലെ ഈ മലക്കം മറിച്ചില്‍ ഉണ്ടായിട്ടുള്ളത്.
ഡീസല്‍ ഒരു ലിറ്ററിന് പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഒഡീഷയില്‍ വിറ്റിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ വില.
പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷയില്‍. 26% വാറ്റാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ചുമത്തിയിരിക്കുന്നത്. ടാക്സില്ലാതെ ഒരു ലിറ്റര്‍ പെട്രോളിന് വില 43.49ഉം ഡീസലിന് 48.02ഉം ആണ്. കേന്ദ്രം പെട്രോളിന് ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 17.80 രൂപയും ഡീസലിന് 13.83രൂപയുമാണ്. ഡീലര്‍മാരുടെ കമ്മീഷനാകട്ടെ ഒരു ലിറ്റര്‍ പെട്രോളിന് 3.50രൂപയും ഡീസലിന് 2.50 രൂപയുമാണ്.
വിലവര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് ഒഡീഷ സര്‍ക്കാര്‍. ഇന്ധന കമ്പനികളുമായി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ തന്ത്രപരമായ ധാരണകളുണ്ടെന്ന് ഒഡീഷ ധനമന്ത്രി ശശി ഭൂഷണ്‍ ബെഹ്‌റ ആരോപിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വാറ്റ് കുറയ്ക്കാമെന്നും കേന്ദ്ര പ്രെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. സംസ്ഥാനം വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാതെ പ്രശ്നത്തില്‍ വെറുതെ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാന ബി.ജെ.പി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദും വിമര്‍ശവുമായെത്തി.
വിലവര്‍ധനവ് കാരണം ഡീസല്‍ വില്‍പനയില്‍ കുറവ് വന്നിട്ടുള്ളതായി കച്ചവടക്കാര്‍ പരാതിപ്പെടുന്നു.