സ്പെഷ്യല്‍ ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.ബി.എെ ഡയറക്ടര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
|സി.ബി.ഐയിലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍, നേരത്തെ പ്രധാനമന്ത്രി സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെയും രാകേഷ് അസ്താനയെയും വിളിപ്പിച്ചിരുന്നു.
സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ മേധാവി അലോക് വര്‍മ്മ സര്‍ക്കാരിന് കത്തയച്ചതായി റിപ്പോര്‍ട്ട്. സി.ബി.ഐയിലെ ആഭ്യന്തര കലഹത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അലോക് വര്‍മ്മയെ വിളിപ്പിച്ചതിന് തൊട്ടു പിറകെയാണ് നടപടി. വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉന്നയിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ കുരുക്കിലായി.
സി.ബി.ഐയിലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് നേരത്തെ പ്രധാനമന്ത്രി സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെയും രാകേഷ് അസ്താനയെയും വിളിപ്പിച്ചത്. തുടര്‍ന്ന് ഇരുവരോടും പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നു.
അലോക് വര്‍മ്മ ഇന്നലെ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷ് അസ്താനയെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യം അലോക് കത്തിലൂടെ സര്‍ക്കാരിനെ അറിയിച്ചത്. രാകേഷ് അസ്താനയുടേത് മനോവീര്യം തകര്‍ക്കുന്ന സമീപനമാണെന്നും അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു.
അസ്താനക്കെതിരെ 6 കേസുകളില്‍ അന്വേഷണം നടക്കുന്നതായി സി.ബി.ഐ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മോയിന്‍ ഖുറേഷി കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ, സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി. ഖുറേഷി കേസ് അന്വേഷണ സംഘത്തിലെ അംഗമായിരുന്ന സി.ബി.ഐ ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസ്താനയുടെ സഹായിയായ ദേവേന്ദ്ര വ്യാജ രേഖകള്‍ ഉണ്ടാക്കി എന്നാണ് സിബിഐ കണ്ടെത്തല്‍. വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കഴിഞ്ഞ 15ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു സി.ബി.ഐയിലെ ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള ബന്ധമാണ് കേസിന് പിന്നിലെന്നാണ് രാകേഷ് അസ്താനയുടെ പ്രതികരണം.