India
പേടിഎം സ്ഥാപകനെ ബ്ലാക് മെയില്‍ ചെയ്ത് 20 കോടി തട്ടാന്‍ ശ്രമം; ജീവനക്കാരി അറസ്റ്റില്‍
India

പേടിഎം സ്ഥാപകനെ ബ്ലാക് മെയില്‍ ചെയ്ത് 20 കോടി തട്ടാന്‍ ശ്രമം; ജീവനക്കാരി അറസ്റ്റില്‍

Web Desk
|
23 Oct 2018 7:21 AM GMT

ദീര്‍ഘകാലം ശര്‍മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാനാണ് പിടിയിലായത്.

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദീര്‍ഘകാലം ശര്‍മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സോണിയ ധവാനാണ് പിടിയിലായത്.

ശര്‍മയുടെ ലാപ്ടോപ്പ്, ഫോണ്‍ എന്നിവയില്‍ നിന്നും സോണിയ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല. 10 വര്‍ഷം ശര്‍മയുടെ സെക്രട്ടറിയായിരുന്നു സോണിയ. സഹപ്രവര്‍ത്തകനായ ദേവേന്ദര്‍ കുമാര്‍, ഭര്‍ത്താവ് രൂപക് ജെയിന്‍ എന്നിവരോടൊപ്പം ചേര്‍ന്നാണ് സോണിയ ഗൂഢാലോചന നടത്തിയത്. ഇരുവരും പിടിയിലായി.

ഇവരുടെ നിര്‍ദേശ പ്രകാരം രോഹിത് ചോമാല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ശര്‍മയുടെ സഹോദരനെ ഫോണില്‍ വിളിച്ച് 20 കോടി രൂപ ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ സല്‍പേര് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സെപ്തംബര്‍ 20നാണ് ആദ്യ കോള്‍ വന്നത്.

ശര്‍മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്ലാക് മെയിലിന് നേതൃത്വം നല്‍കിയത് സോണിയയാണെന്ന് വ്യക്തമായത്. ഫോണ്‍ വിളിച്ച് 20 കോടി ആവശ്യപ്പെട്ട രോഹിത് ചോമാല്‍ കൊല്‍ക്കത്ത സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല.

Related Tags :
Similar Posts