അസ്താനയെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ അസാധാരണ നടപടികള്‍: കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി
|അസ്താനക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.
കൈക്കൂലിക്കേസില്‍ പ്രതിയായ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയെ രക്ഷിക്കാന്‍ അസാധാരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. നരേന്ദ്ര മോദിയുടെ വലംകൈയ്യായ അസ്താനക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇതോടെ അന്വേഷണ സംഘം തന്നെ ഇല്ലാതായി. സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെ അവധിയില്‍ അയച്ചു. ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വര റാവു പകരം ചുമതലയേറ്റു.
മോയിന്‍ ഖുറൈഷി കള്ളപ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉയര്‍ന്ന സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയെ ഇന്നലെ വൈകീട്ടോടെയാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ഇതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര നിയമന കമ്മിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു. പുലര്‍ച്ചെ 2 മണിക്ക് സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെ മാറ്റി ഉത്തരവിറക്കി. തൊട്ട് പിന്നാലെ അസ്താനക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ 11 പേരെയും സ്ഥാലം മാറ്റി. കേന്ദ്ര നടപടിക്കെതിരെ അലോക്‍വര്‍മ്മയും പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചു.
കേന്ദ്ര നിയമന കമ്മിറ്റി തെരഞ്ഞെടുത്ത അലോക് വര്‍മ്മക്ക് 2 വര്‍ഷംകൂടി കാലാവധി അവശേഷിക്കെയാണ് കേന്ദ്ര നീക്കം. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൌധരിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അസ്താനക്കെതിരായ അന്വേഷണ സംഘത്തിന്റെ തലവന്‍ എ.കെ ഭാസിയെ അന്തമാനിലേക്കാണ് സ്ഥലം മാറ്റിയത്. സി.ബി.ഐ ഡയറക്ടറുടെ ചുമതല നല്‍കിയ നാഗേശ്വര റാവുവിനെതിരെ അലോക് വര്‍മ്മ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അസ്താനക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. ഹരജികള്‍ കേസ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.