തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരോഷം വോട്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്
|മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.
നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരോഷം വോട്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
ജവാബ് ദോ ഹിസാബ് ദോ എന്ന പേരിലാണ് മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധ ക്യാമ്പയിന് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. കിസാന്‍ ഖേത് മസ്ദൂര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുക. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനും ധര്‍ണക്കും സമാനമായുള്ള പ്രതിഷേധ പരിപാടികള്‍ എല്ലാ സംസ്ഥാനത്തും സംഘടിപ്പിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, എന്നീ സംസ്ഥാനങ്ങളെല്ലാം കൃഷി ഏറെയുള്ള സംസ്ഥാനങ്ങളാണ്. അതിനാല്‍ നീക്കം ഗുണപ്രദമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. കാർഷിക മേഖലക്ക് ആശ്വാസകരമായ ഒരു വാർത്തയും സമീപകാലത്ത് മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. രാജ്യത്ത് പച്ചക്കറികള്‍ റോഡിലെറിഞ്ഞും പാലൊഴുക്കിയും പ്രതിഷേധിച്ച കര്‍ഷന്റെ രോഷം കോണ്‍ഗ്രസ് ആളിക്കത്തിക്കുന്നത് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.