രാമക്ഷേത്ര പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് യോഗി ആദിത്യനാഥ്
|ഛത്തീസ്ഗഡിലെ രാജ്നന്ദഗോണില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് വിഭജനമുണ്ടാക്കുമെന്നു കരുതി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്ന് യോഗി പറഞ്ഞു. ഛത്തീസ്ഗഡിലെ രാജ്നന്ദഗോണില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാമജന്‍മഭൂമിയെക്കുറിച്ച് ജനങ്ങള്‍ക്ക് അവരുടെതായ വികാരങ്ങളും ചിന്തകളുമുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കാന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. അയോധ്യയെക്കുറിച്ചുള്ള തര്‍ക്കം ഇന്ന് തുടങ്ങിയതല്ല. കഴിഞ്ഞ 450 വര്‍ഷങ്ങളായി ഹിന്ദു സമാജ് ഇക്കാര്യത്തിന് വേണ്ടി പോരാടുന്നുണ്ട്. അയോധ്യ രാമന്റെ ജന്‍മസ്ഥലമാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കാരണമാണ് രാജ്യം കലാപങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാവോയിസം, തീവ്രവാദം, മതഭേദം എന്നിവ കോണ്‍ഗ്രസ് സംഭാവന ചെയ്ത പാപങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനങ്ങളെയും യോഗി വിമര്‍ശിച്ചു.