India
ശബരിമല പ്രശ്നങ്ങള്‍ക്കിടയില്‍ ഓര്‍ക്കണം ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തെ
India

ശബരിമല പ്രശ്നങ്ങള്‍ക്കിടയില്‍ ഓര്‍ക്കണം ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തെ

Web Desk
|
24 Oct 2018 5:05 AM GMT

പ്രതിഷേധമൊന്നുമില്ലാതെയാണ് കോടതിവിധിയെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. 

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ പ്രതിഷേധം കത്തുമ്പോള്‍ മാതൃകയാവുകയാണ് ഈ ക്ഷേത്രം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള ശനി ശിംഗ്നാപൂര്‍ ക്ഷേത്രമാണ് ആചാരങ്ങളെയും കോടതിവിധിയേയും തള്ളാതെ നിലനിന്നുപോകുന്നത്. നാല് പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ അമ്പലത്തില്‍ ബോംബെ ഹൈക്കോടതി വിധി പ്രകാരം 2016 ഏപ്രില്‍ 8നാണ് സ്ത്രീകള്‍ പ്രവേശിച്ചത്. പ്രതിഷേധമൊന്നുമില്ലാതെയാണ് കോടതിവിധിയെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.

ചരിത്ര പ്രസിദ്ധമായ ഈ പ്രവേശനം നേടിയെടുത്തതിന് പിന്നിൽ ഭൂമാത റാണരാഗിണി ബ്രിഗേഡ് (ബിആർപി) എന്ന സംഘടനയാണ്.മൂന്ന് മാസം നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെ മറികടന്ന് ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പ്രവേശനം നേടാനായത്. മഹാരാഷ്ട്ര ഹിന്ദു പ്ലെയ്‌സ് ഓഫ് വർഷിപ് (എൻട്രി ഓദറൈസേഷൻ) ആക്ട്, 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കിയാൽ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് വനിതാപ്രവര്‍ത്തകരും ഭക്തരും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആദ്യമായി പൂജകളും പ്രാര്‍ഥനകളും നടത്തിയത്.

കോടതിവിധിയെ മാനിക്കുന്നുവെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ ഈ പ്രദേശത്തെ സ്ത്രീകള്‍ തയ്യാറല്ല. പുറത്ത് നിന്നു വരുന്നവര്‍ക്ക് ജാതി,മത, ലിംഗ ഭേദമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ശനിദേവന്റെ അനുഗ്രഹം വാങ്ങാം. അതിന് ആരും തടസം നില്‍ക്കില്ല.

ശനി ക്ഷേത്രത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രം പറയുന്നത് ഇങ്ങിനെ

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ശിംഗ്നാപൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ 4000 ത്തോളം വീടുകള്‍ക്ക് ഇപ്പോഴും വാതിലുകളില്ല. ആരെങ്കിലും മോഷണം നടത്തിയാല്‍ അയാള്‍ക്ക് 7.5 വര്‍ഷത്തേക്ക് ദുരിതമായിരിക്കും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ആ ഗ്രാമത്തില്‍ മോഷണങ്ങള്‍ നടക്കാറില്ല. കറുത്ത കല്ലില്‍ തീര്‍ത്ത 5 അടിയില്‍ അധികം ഉയരമുള്ള ശനി ഭഗവാന്റെ പ്രതിമ ആ ഗ്രാമത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.

ശനിക്ഷേത്രം തന്നെ ആണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണ കേന്ദ്രം. ശനിയാഴ്ചയിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാര്‍ ഇവിടെ എത്തുന്നു. അനുയോജ്യരായ ജീവിത പങ്കാളിയെ ലഭിക്കാന്‍ ആണ് ഈ വഴിപാട് , ഒരു താലത്തില്‍ ഏതാനും സാമഗ്രഹികള്‍ നിറച്ചു ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. സ്വായംഭൂ ആണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ.മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ തീര്‍ഥാടകര്‍ എത്തിച്ചേരുന്നുണ്ട്.

Related Tags :
Similar Posts